ലൈറ്റുകൾക്ക് കീഴിൽ പിങ്ക് ബോൾ കൊണ്ട് പരിശീലനം നടത്തി ഇന്ത്യൻ ടീം

Staff Reporter

കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ ലൈറ്റിന് കീഴിൽ പിങ്ക് ബോളിൽ പരിശീലനം നടത്തി. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ വേദിയായ ഇൻഡോറിൽ വെച്ചാണ് ഇന്ത്യൻ താരങ്ങൾ ലൈറ്റിന് കീഴിൽ പിങ്ക് ബോളിൽ പരിശീലനം നടത്തിയത്. നവംബർ 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടക്കുന്നത്.

ചേതേശ്വർ പൂജാര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ഹനുമ വിഹാരി, ശുഭ്മൻ ഗിൽ, കുൽദീപ് യാദവ് എന്നിവരാണ് ഇൻഡോറിലെ ഗ്രൗണ്ടിൽ പിങ്ക് ബോളിൽ പരിശീലനം നടത്തിയത്. അതെ സമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർ പരിശീലനത്തിന് ഉണ്ടായിരുന്നില്ല.