ഇന്നലെ വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യസിന്റെ വിജയത്തിലേക്ക് എത്തിച്ച മലയാളി താരം സജന സജീവൻ തന്റെ ജീവിതം ക്രിക്കറ്റ് ആണ് മാറ്റി മറിച്ചത് എന്ന് പറഞ്ഞു. ഇന്നലെ അവസാന പന്തിൽ സിക്സ് അടിച്ച്ക്കൊണ്ട് മുംബൈയെ വിജയിപ്പിക്കാൻ വയനാട് സ്വദേശിക്ക് ആയിരുന്നു.
ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ പണമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കാലത്ത് ക്രിക്കറ്റ് ആണ് തന്റെ ജീവിതമാർഗമായി മാറിയത് എന്ന് സജന പറഞ്ഞു. സ്വന്തം ജില്ലയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയതിന് ശേഷമാണ് തനിക്കും കുടുംബത്തിനും വേണ്ടി പണം സമ്പാദിക്കാൻ തുടങ്ങിയത്.
“എൻ്റെ കുടുംബ പശ്ചാത്തലം വളരെ താഴ്ന്നതായിരുന്നു. തുടക്കത്തിൽ യാത്ര ചെയ്യാൻ പണമില്ലായിരുന്നു. എൻ്റെ ജില്ലയ്ക്കായി കളിക്കാൻ എന്നെ തിരഞ്ഞെടുത്തപ്പോൾ, ഞാൻ പണം സമ്പാദിക്കാൻ തുടങ്ങി, പ്രതിദിനം 150 രൂപ. അതെനിക്ക് വലിയ പണമായിരുന്നു. പിന്നീട്, അത് 150, 300, 900 എന്നിങ്ങനെ പോയി. എൻ്റെ മാതാപിതാക്കളെ ഓർത്ത് സന്തോഷിക്കുന്നു.” ഡബ്ല്യുപിഎൽ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സജന പറഞ്ഞു.
“ഇന്നലെ ഇറങ്ങുമ്പോൾ ഞാൻ കുറച്ച് സമ്മർദ്ദത്തിലായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ നന്നായി കളിച്ചാൽ അത് ജീവിതത്തെ മാറ്റിമറിക്കുമെന്ന് എനിക്കറിയാമായിരുന്നു. അവസാന പന്തിൽ 5 റൺസ് വേണ്ടിയിരുന്നതിനാൽ ഞാൻ അതിനായി തന്നെ ശ്രമിച്ചു”അവർ പറഞ്ഞു.