ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ വേണ്ടി ഏഷ്യ കപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ പിന്തുണക്കിലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സെപ്റ്റംബറിൽ യു.എ.ഇയിൽ വെച്ച് നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടി20 ഒരു കാരണവശാലും മാറ്റിവെക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഇഹ്‌സാൻ മാനി പറഞ്ഞു.
നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ഏപ്രിൽ 15നേക്കും തുടർന്ന് കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ നീട്ടിയതോടെ ഐ.പി.എൽ അനിശ്ചിതമായി നീട്ടിവെക്കുകയും ചെയ്തിരുന്നു. ഇതോടെ മറ്റു മാസങ്ങളിൽ ഐ.പി.എൽ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ തുടങ്ങിയിരുന്നു. ഏഷ്യ കപ്പ് ടൂർണമെന്റ് മാറ്റിവെച്ച് ആ സമയത്ത് ഐ.പി.എൽ നടത്താൻ ഉള്ള പദ്ധതികൾ ബി.സി.സി.ഐക്ക് ഉണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു.
തുടർന്നാണ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് പാകിസ്ഥാൻ രംഗത്തെത്തിയത്. ഏഷ്യ കപ്പ് ക്രിക്കറ്റ് ഇന്ത്യയും പാകിസ്ഥാനും മാത്രമുള്ള കാര്യമല്ലെന്നും മറ്റു രാജ്യങ്ങളും ഉൾപ്പെടുന്ന കാര്യമാണെന്നും ഇഹ്‌സാൻ മാനി വ്യക്തമാക്കി. നേരത്തെ പാകിസ്ഥാനിൽ വെച്ച് നടക്കേണ്ടിയിരുന്ന ഏഷ്യ കപ്പ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് ദുബൈയിലേക്ക് മാറ്റിയത്.