റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും പരിശീലകൻ സൈമൺ കാറ്റിച്ചിന്റെയും ഏത് ഒരു തീരുമാനവും താൻ അംഗീകരിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലേഴ്‌സ്. കഴിഞ്ഞ ദിവസം കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ തന്നെ ആറാം സ്ഥാനത്ത് ഇറക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എബി ഡിവില്ലേഴ്‌സ്. മത്സരത്തിൽ നാലാം സ്ഥാനത്ത് ഡിവില്ലേഴ്‌സ് ഇറങ്ങുന്നതിന് പകരം ആറാം സ്ഥാനത്താണ് ഇറങ്ങിയത്. ഡിവില്ലേഴ്‌സിന് മുൻപ് ഇടം കയ്യൻ ബാറ്റ്സ്മാൻമാരായ വാഷിങ്ടൺ സുന്ദറും ശിവം ഡുബെയുമാണ് ഇറങ്ങിയത്.
കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ താൻ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുന്ന സമയത്താണ് ടീം മാനേജ്‌മന്റ് തന്നോട് കാത്തിരിക്കാൻ പറഞ്ഞതെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. ആ സമയത്ത് കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി രണ്ട് ലെഗ് സ്പിന്നർമാർ ആണ് ബൗൾ ചെയ്യുന്നതെന്നും അതുകൊണ്ട് ഇടം കയ്യൻ ബാറ്റ്സ്മാൻമാരെ ഇറക്കാൻ ടീം മാനേജ്‌മന്റ് തീരുമാനിക്കുകയായിരുന്നെന്നും ഡിവില്ലേഴ്‌സ് പറഞ്ഞു. ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ സാധാരണ തീരുമാനം മാത്രമായിരുന്നു അതെന്നും ലോകത്താകമാനം ക്രിക്കറ്റിൽ ലെഗ് സ്പിന്നർമാർക്കെതിരെ ബാറ്റ് ചെയ്യാൻ ഇടം കയ്യൻ ബാറ്റ്സ്മാൻമാരെയാണ് ഇറക്കാൻ ശ്രമിക്കാറുള്ളതെന്നും ഡിവില്ലേഴ്‌സ് പറഞ്ഞു. ഈ തീരുമാനത്തെ താൻ ചോദ്യം ചെയ്തില്ലെന്നും തനിക്ക് ആ തീരുമാനത്തിൽ ഒരു പ്രശ്നവും ഇല്ലെന്നും ഡിവില്ലേഴ്‌സ് പറഞ്ഞു.