പാര്‍ട്ട് ടൈമര്‍ ശ്രേയസ്സ് അയ്യരുടെ ഓവറിലെ ആദ്യ മൂന്ന് പന്തിൽ മത്സരം തീര്‍ക്കുവാനായിരുന്നു തീരുമാനം – റോവ്മന്‍ പവൽ

Sports Correspondent

ഡേവിഡ് വാര്‍ണറും ലളിത് യാദവും ഡൽഹിയെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നിന്ന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ടീം പ്രതിരോധത്തിലായെങ്കിലും അക്സര്‍ പട്ടേലിനൊപ്പം റോവ്മന്‍ പവൽ നേടിയ നിര്‍ണ്ണായക റണ്ണുകള്‍ ഡൽഹിയെ വിജയതീരത്തേക്ക് എത്തിക്കുകയായിരുന്നു.

റോവ്മന്‍ പവൽ പുറത്താകാതെ 16 പന്തിൽ 33 റൺസ് നേടിയപ്പോള്‍ അതിൽ രണ്ട് സിക്സുകളും ഉള്‍പ്പെടുന്നു. 17ാം ഓവര്‍ എറിഞ്ഞ വെങ്കിടേഷ് അയ്യരെ ഒരു സിക്സും ഒരു ഫോറും പവൽ നേടിയപ്പോള്‍ ഡൽഹി ഓവറിൽ നിന്ന് 14 റൺസാണ് നേടിയത്. ഇതോടെ മത്സരം ഡൽഹിയുടെ പക്ഷത്തേക്ക് കൂടുതൽ അടുക്കുകയായിരുന്നു.

19ാം ഓവര്‍ എറിഞ്ഞ ശ്രേയസ്സ് അയ്യരുടെ ഓവറിൽ തന്നെ കളി തീര്‍ക്കണമെന്നായിരുന്നു താനും ശര്‍ദ്ധുൽ താക്കൂറും തീരുമാനിച്ചതെന്നും ആദ്യ മൂന്ന് പന്തിൽ മത്സരം അവസാനിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും അതിന് സാധിച്ചില്ലെന്ന് പവൽ വ്യക്തമാക്കി. അയ്യര്‍ പാര്‍ട് ടൈം ബൗളര്‍ ആണെന്നതായിരുന്നു ഈ തീരുമാനത്തിന് കാരണം എന്നും കൊല്‍ക്കത്തയുടെ സ്കോര്‍ അത്ര വലുതല്ലാതിരുന്നത് തന്റെ ടീമിന് തുണയായി എന്നും പവൽ വ്യക്തമാക്കി.