റൺസ് കണ്ടെത്തി കോഹ്‍ലി , രജത് പടിദാറിനും അര്‍ദ്ധ ശതകം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 170 റൺസ്. വിരാട് കോഹ്‍ലിയുടെയും രജത് പടിദാറിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം അവസാന ഓവറുകളിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ 170 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

മികച്ച രീതിയിൽ രണ്ട് ബൗണ്ടറികളുമായി വിരാട് കോഹ്‍ലി ബാറ്റിംഗ് ആരംഭിച്ചുവെങ്കിലും പ്രദീപ് സാംഗ്വാന്‍ ഫാഫിനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 11 റൺസായിരുന്നു ബാംഗ്ലൂര്‍ നേടിയത്. അവിടെ നിന്ന് രജത് പടിദാറും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 99 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

Rajatpatidar

ഈ കൂട്ടുകെട്ടിൽ കൂടതൽ ആക്രമിച്ച് കളിച്ചത് രജത് പടിദാര്‍ ആയിരുന്നു. കരുതലോടെയാണ് വിരാട് കോഹ്‍ലി തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. പ്രദീപ് സാംഗ്വാന്‍ പടിദാറിനെ പുറത്താക്കുമ്പോള്‍ 32 പന്തിൽ 52 റൺസാണ് താരം നേടിയത്. അധികം വൈകാതെ കോഹ്‍ലിയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 53 പന്തിൽ 58 റൺസാണ് താരം നേടിയത്. ഷമിയ്ക്കായിരുന്നു വിക്കറ്റ്.

Shamikohli

അവസാന ഓവറുകളിൽ ആഞ്ഞടിക്കുവാന്‍ ശ്രമിച്ച ഗ്ലെന്‍ മാക്സ്വെൽ 18 പന്തിൽ 33 റൺസ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് ഇത്തവണ കാര്യമായ സംഭാവന നൽകുവാനായില്ല. ഒരു ഘട്ടത്തിൽ ഇരുനൂറിനടുത്ത് സ്കോര്‍ ചെയ്യുവാന്‍ ആര്‍സിബിയ്ക്കാവുമെന്ന് കരുതിയെങ്കിലും ടീമിനെ മികച്ച രീതിയിൽ പിടിച്ചുകെട്ടി 170 റൺസിലൊതുക്കുവാന്‍ ഗുജറാത്തിന് സാധിച്ചു. 8 പന്തിൽ 16 റൺസ് നേടി മഹിപാൽ ലോംറോര്‍ നിര്‍ണ്ണായക റണ്ണുകള്‍ അവസാന ഓവറിൽ നേടി.