വരുൺ ചക്രവർത്തി ഇന്ത്യയുടെ നിർണ്ണായക താരമാകുമെന്ന് വിരാട് കോഹ്‌ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ വരുൺ ചക്രവർത്തിയെ പ്രകീർത്തിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മൂന്ന് വിക്കറ്റ് നേടി കൊൽക്കത്ത താരം വരുൺ ചക്രവർത്തി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. തുടർന്നാണ് താരത്തെ പ്രകീർത്തിച്ച് വിരാട് കോഹ്‌ലി രംഗത്തെത്തിയത്. യുവതാരങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാണണമെന്നും അത് ഇന്ത്യൻ ടീമിനെ ശക്തമാക്കുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

ബാംഗ്ലൂരിനെതിരെ 13 റൺസ് വഴങ്ങി വരുൺ ചക്രവർത്തി 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ, വാനിഡു ഹസരംഗ, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് വരുൺ ചക്രവർത്തി വീഴ്ത്തിയത്. അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ അംഗമാണ് വരുൺ ചക്രവർത്തി. മത്സരത്തിൽ ബൗളർമാരുടെ മികവിൽ കൊൽക്കത്ത ബാംഗ്ലൂരിനെതിരെ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.