“കൊഹ്ലിക്കുമേൽ സമ്മർദ്ദങ്ങളില്ല, ഇനി ശ്രദ്ധ ബാറ്റിംഗിൽ മാത്രം”

ആർസിബി ക്യാപ്റ്റൻ വിരാട് കൊഹ്ലിക്കുമേൽ സമ്മർദ്ദങ്ങളില്ല എന്ന് കൊഹ്ലിയുടെ കുട്ടിക്കാലത്തെ പരിശീലകൻ രാജ്കുമാർ ശർമ്മ. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കൊഹ്ലി ആർസിബി ക്യാപ്റ്റൻ സ്ഥാനം ഈ സീസണിന് അവസാനം ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിരാട് കൊഹ്ലി ആർസിബി ക്യാപ്റ്റൻസിയും ഈ സീസണിന് അവസാനം ഒഴിയുമെന്ന് അറിയിച്ചത്.

എന്ത് കൊണ്ടാണ് വിരാട് കൊഹ്ലി അപ്രതീക്ഷിതമായി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് പല ഊഹാപോഹങ്ങളും പരക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മുൻ പരിശീലകൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. വിരമിക്കുന്നത് വരെ ആർസിബിയിൽ തുടരും എന്ന് പ്രഖ്യാപിച്ചത് ഫ്രാഞ്ചസിയോട് കൊഹ്ലിയുടെ കമിറ്റ്മെന്റാണ് സൂചിപ്പിക്കുന്നതെന്നും രാജ്കുമാർ ശർമ്മ കൂട്ടിച്ചേർത്തു. ഏകദിനത്തിലും ടെസ്റ്റിലും വിരാട് കൊഹ്ലിയെ ടീം ഇന്ത്യക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.