രാജസ്ഥാന്‍ റോയല്‍സിനെതിരെ 7ാം നമ്പറില്‍ ഇറങ്ങിയ ധോണിയുടെ നീക്കം ഏറെ പഴി കേള്‍പ്പിച്ചിരുന്നുവെങ്കിലും താരത്തിന് പിന്തുണയുമായി മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 217 റണ്‍സ് ചേസ് ചെയ്ത ധോണിയ്ക്കും സംഘത്തിനും 200 റണ്‍സ് വരെ എത്തുവാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ അടിച്ച് തകര്‍ത്തുവെങ്കിലും എംഎസ് ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങിയത് ഏറെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
സാം കറന്‍, റുതുരാജ് ഗായ്ക്വാഡ്, കേധാര്‍ ജാഥവ് എന്നിവര്‍ക്ക് ശേഷമാണ് ധോണി ക്രീസിലെത്തിയത്. 12 ഐപിഎല്‍ എഡിഷനുകളില്‍ താരം ഇതുവരെ 6 തവണ മാത്രമാണ് ചെയ്തതെങ്കിലും ഈ സീസണില്‍ ഇപ്പോള്‍ രണ്ട് തവണ ഏഴാം നമ്പറിലാണ് ഇറങ്ങിയത്.
ടീമിലെ താരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുക എന്നതിനാലാണ് ധോണിയ്ക്ക് മുമ്പ് താരങ്ങളെ ഇറക്കിയതെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞത്. എംഎസ് ഇന്നിംഗ്സിന്റെ അവസാനത്തോടെ ഫിനിഷര്‍ എന്ന സ്പെഷ്യലിസ്റ്റ് റോളിലാണ് കളിച്ചിരുന്നത്. അതേ സമയം സാം കറനെ ടോപ് ഓര്‍ഡറില്‍ അടിച്ച് കളിക്കുവാനാണ് ഇറക്കിയതെന്ന് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.
ധോണി ക്രീസിലെത്തുമ്പോള്‍ 15 ഓവറുകള്‍ മാത്രമാണ് ആയതെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. ധോണി ഏറെ കാലത്തിന് ശേഷമാണ് ക്രീസിലെത്തുന്നതെന്നും അതിനാല്‍ തന്നെ താരം പഴയ പോലെ കളിക്കുവാനെത്തുവാന്‍ കുറച്ച് സമയം എടുക്കുമെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.