ടി20 ക്രിക്കറ്റിൽ തന്നെ താന്‍ കളിച്ചതിൽ ഏറ്റവും പ്രയാസമേറിയ പവര്‍പ്ലേ ആയിരുന്നു രാജസ്ഥാന്‍ റോയൽസിനെതിരെയുള്ളതെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്.
ഐപിഎലില്‍ താരം ഇന്നലെ നേടിയ 62 പന്തിൽ നിന്നുള്ള 89 റൺസിന്റെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ സജീവമാക്കി നിര്‍ത്തുകയായിരുന്നു. ഡേവിഡ് വാര്‍ണറുമായി ചേര്‍ന്ന് 144 റൺസ് കൂട്ടുകെട്ടാണ് താരം പുറത്തെടുത്തത്.
പവര്‍പ്ലേയ്ക്കുള്ളിൽ ട്രെന്‍ ബോള്‍ട്ടിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും തീപാറും ബൗളിംഗ് മാര്‍ഷിനെയും വാര്‍ണറെയും ബുദ്ധിമുട്ടിച്ചുവെങ്കിലും പൊരുതി നിന്ന് ഇവര്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
ഇതിനിടെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും ബാറ്റിൽ പന്ത് കൊണ്ടെന്ന് കരുതി രാജസ്ഥാന്‍ റിവ്യൂവിന് ശ്രമിക്കാതെ പോയത് മാര്‍ഷിന് തുണയായി.
ബോള്‍ സ്വിംഗ് ചെയ്യുന്നതിനാൽ തന്നെ ടി20 ക്രിക്കറ്റ് കളിച്ച് തുടങ്ങിയതിന് ശേഷം തന്നെ ഏറ്റവും പ്രയാസമേറിയ പവര്‍പ്ലേ ആയിരുന്നു ഇതെന്നും മാര്‍ഷ് സമ്മതിച്ചു.