ഐപിഎലില്‍ ഇന്ന് ചേസ് ചെയ്യേണ്ടത് 98 റൺസായിരുന്നുവെങ്കിലും ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ന്നപ്പോള്‍ മുംബൈ ബാറ്റിംഗിന്റെ താളം തെറ്റി. എന്നിരുന്നാലും തിലക് വര്‍മ്മയും ഹൃതിക് ഷൗക്കീനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 48 റൺസ് ആണ് മുംബൈയുടെ വിജയത്തിൽ നിര്‍ണ്ണായകമായത്.
മുകേഷ് ചൗധരിയുടെ തകര്‍പ്പന്‍ സ്പെല്ലിൽ മുംബൈ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ടീം 33/4 എന്ന നിലയിലേക്ക് വീണു. സിമര്‍ജീത് സിംഗും മറുവശത്ത് മികച്ച പിന്തുണയാണ് താരത്തിന് നൽകിയത്.
എന്നാൽ തിലക് വര്‍മ്മയും ഹൃതിക് ഷൗക്കീനും ചേര്‍ന്ന് നിലയുറപ്പിച്ചപ്പോള്‍ മുംബൈ 81 റൺസിലേക്ക് മെല്ലെ നീങ്ങി. ഷൗക്കീനിനെ(18) മോയിന്‍ അലി പുറത്താക്കിയെങ്കിലും ലക്ഷ്യം ചെറുതായതിനാൽ തന്നെ അധികം ബുദ്ധിമുട്ടില്ലാതെ മുംബൈയ്ക്ക് വിജയം നേടാനായി.
ഷൗക്കീന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ടിം ഡേവിഡ് കൂറ്റനടികള്‍ ഉതിര്‍ത്തപ്പോള്‍ 14.5 ഓവറിൽ വിജയം മുംബൈ സ്വന്തമാക്കി. തിലക് വര്‍മ്മ 34 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ടിം ഡേവിഡ് 7 പന്തിൽ 16 റൺസ് നേടി മുംബൈയുടെ വിജയം വേഗത്തിലാക്കി. 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.
ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനമായി. ഐപിഎലിൽ നിന്ന് മുംബൈയ്ക്ക് പിന്നാലെ പുറത്താകുന്ന രണ്ടാമത്തെ ടീമായി ഇതോടെ ചെന്നൈ മാറി.