ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് താരം അംഗമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ കോച്ചായ റിക്കി പോണ്ടിംഗ്. ഇന്ത്യ പന്തിനെ 2019 ലോകകപ്പില്‍ കളിപ്പിക്കാത്തത് തെറ്റായ തീരുമാനമാണെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്റെ വാക്കുകള്‍. എന്നാല്‍ താരം ഇനി ഇന്ത്യയ്ക്ക് വേണ്ടി വലിയ നേട്ടങ്ങള്‍ കൊയ്യാനുള്ളതാണെന്നും കുറഞ്ഞത് മൂന്നോ നാലോ ലോകകപ്പ് കളിച്ചേക്കുമെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി.
തീര്‍ച്ചയായും പന്ത് ഈ തീരുമാനത്തില്‍ ദുഃഖിതനാണെന്നതില് സംശയമൊന്നുമില്ല, എന്നാല്‍ താരം ഇപ്പോളും ചെറുപ്പമാണെന്നാണ് താരം ചിന്തിക്കേണ്ടത്. തന്റെ ഇനിയുള്ള കരിയറില്‍ തീര്‍ച്ചയായും പന്ത് കുറഞ്ഞത് മൂന്നോ നാലോ ലോകകപ്പ് കളിക്കുമെന്നാണ് താന്‍ കരുതുന്നത്. ലോകകപ്പ് എന്നാല്‍ ഏവരും കളിയ്ക്കുവാന്‍ സ്വപ്നം കാണുന്ന ഒരു ടൂര്‍ണ്ണമെന്റാണ്. അതില്‍ കളിയ്ക്കുവാനുള്ള അവസരം അടുത്തെത്തി കൈവിടുമ്പോള്‍ വിഷമമുണ്ടാകുക സ്വാഭാവികമാണെന്നും പോണ്ടിംഗ് പറഞ്ഞു.
തനിക്ക് താരത്തിനെ ഒഴിവാക്കിയെന്ന് വാര്‍ത്ത കേട്ടപ്പോള്‍ വലിയ അതിശയമാണ് തോന്നിയത്. താന്‍ താരം അവസാന ഇലവനില്‍ കളിയ്ക്കുമെന്ന് കരുതിയ താരമായിരുന്നു. ടീമിനു വേണ്ടി നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യുവാന്‍ യോഗ്യനായ ഒരു താരമായിരുന്നു പന്തെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയെ പോലൊരു ടീമില്‍ പ്രതിഭകള്‍ ഏറെയുള്ളതിനാല്‍ ഇത്തരം അവസരങ്ങള്‍ കൈവിട്ട് പോകുന്നതും സ്വാഭാവികമായ കാര്യമാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.