ചെന്നൈയ്ക്കെതിരെ ഫൈനലില്‍ 214 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശന്‍ 47 പന്തിൽ 96 റൺസുമായി ഗുജറാത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. നാല് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.
ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കം നൽകിയപ്പോള്‍ ഗുജറാത്ത് തുടക്കം മുതൽ കുതിയ്ക്കുകയായിരുന്നു. ഗില്ലിനെ ചഹാര്‍ കൈവിട്ടപ്പോള്‍ താരം 2 റൺസായിരുന്നു നേടിയത്. ചഹാര്‍ തന്നെ സാഹയുടെ ക്യാച്ചും കൈവിട്ടപ്പോള്‍ താരം 21 റൺസായിരുന്നു നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് ഗുജറാത്ത് നേടിയത്.
20 പന്തിൽ 39 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ മഹേന്ദ്ര സിംഗ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 67 റൺസാണ് ഗിൽ – സാഹ കൂട്ടുകെട്ട് നേടിയത്.
ഗില്ലിന് പകരമെത്തിയ സായി കിഷോറിന് വേഗത്തിൽ റൺ സ്കോര്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗുജറാത്ത് പത്തോവറിൽ 86 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പത്തോവറിന് ശേഷം സാഹയ്ക്കൊപ്പം സായി സുദര്‍ശനും ഇന്നിംഗ്സിന് വേഗത നൽകിയപ്പോള്‍ സാഹ തന്റെ അര്‍ദ്ധ ശതകം 36 പന്തിൽ പൂര്‍ത്തിയാക്കി.
സ്കോര്‍ ബോര്‍ഡിൽ 131 റൺസുള്ളപ്പോള്‍ വൃദ്ധിമന്‍ സാഹയെ ഗുജറാത്തിന് നഷ്ടമായി. 39 പന്തിൽ 54 റൺസ് നേടിയ താരത്തെ ചഹാര്‍ ആണ് പുറത്താക്കിയത്. 64 റൺസാണ് സാഹ – സായി കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. സായി സുദര്‍ശനും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 23 പന്തിൽ തങ്ങളുടെ ഫിഫ്റ്റി കൂട്ടുകെട്ട് നേടിയപ്പോള്‍ അതിൽ ഹാര്‍ദ്ദിക് നേടിയത് 7 റൺസായിരുന്നു.
33 പന്തിൽ 81 റൺസ് നേടിയ കൂട്ടുകെട്ടിനെ ചെന്നൈയ്ക്ക് തകര്‍ക്കാനായത് അവസാന ഓവറിൽ മാത്രമാണ്. 47 പന്തിൽ 96 റൺസ് നേടിയ സായിയെ മതീഷ പതിരാന വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസ് നേടി.