ജോണി ബൈര്‍സ്റ്റോയെ തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷം സണ്‍റൈസേഴ്സിന് വേണ്ടി 106 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 171 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. തന്റെ പതിവ് ശൈലിയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കളിക്കാന്‍ പറ്റാതായപ്പോള്‍ അവസാന ഓവറുകളില്‍ ആണ് റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ സണ്‍റൈസേഴ്സിന് സാധിച്ചത്. കെയിന്‍ വില്യംസണും കേധാര്‍ ജാഥവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 13 പന്തില്‍ നിന്ന് 37 റണ്‍സാണ് സണ്‍റൈസേഴ്സിന് വേണ്ടി നേടിയത്.
വാര്‍ണര്‍ 50 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. വാര്‍ണര്‍ക്ക് മുമ്പ് അര്‍ദ്ധ ശതകം തികച്ച മനീഷ് പാണ്ടേ 35 പന്തില്‍ നിന്നാണ് ഈ നേട്ടം പൂര്‍ത്തിയാക്കിയത്. 83 പന്തില്‍ 106 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് വാര്‍ണര്‍ പുറത്തായപ്പോളാണ്. 55 പന്തില്‍ 57 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ലുംഗിസാനി എന്‍ഗിഡിയ്ക്കായിരുന്നു വിക്കറ്റ്.
അതേ ഓവറില്‍ തന്നെ മനീഷ് പാണ്ടേയുടെ വിക്കറ്റും സണ്‍റൈസേഴ്സിന് നഷ്ടമായി. 45 പന്തില്‍ 61 റണ്‍സ് നേടിയ മനീഷിനെ മികച്ചൊരു ക്യാച്ചിലൂടെ ഫാഫ് ഡു പ്ലെസി ആണ് പുറത്താക്കിയത്. ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും കെയിന്‍ വില്യംസണ്‍ നേടിയപ്പോള്‍ ഓവറില്‍ നിന്ന് 20 റണ്‍സ് പിറന്നു.
കെയിന്‍ വില്യംസണ്‍ 10 പന്തില്‍ 26 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ അവസാന രണ്ട് പന്തില്‍ ഫോറും സിക്സും നേടി കേധാര്‍ ജാഥവ് 4 പന്തില്‍ 12 റണ്‍സ് നേടി സണ്‍റൈസേഴ്സിനെ 171/3 എന്ന സ്കോറിലേക്ക് നയിച്ചു.