ഇതാണ് ചേസിംഗ്, ചെന്നൈയെ വീഴ്ത്തി സ്റ്റോയിനിസ്

Sports Correspondent

Stoinis
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സുമായി വീണ്ടും ഏറ്റുമുട്ടിയപ്പോളും വിജയം കരസ്ഥമാക്കി ലക്നൗ. ഇത്തവണ 211 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിനെ 19.3 ഓവറിൽ 213/4 എന്ന സ്കോര്‍ നേടി 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു. 63 പന്തിൽ 124 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോയിനിസ് 13 ഫോറും 6 സിക്സും നേടിയപ്പോള്‍ നിക്കോളസ് പൂരനും(34) ദീപക് ഹൂഡയും (6 പന്തിൽ 17 റൺസ്) നിര്‍ണ്ണായക സംഭാവന നൽകി.

ഡി കോക്കിനെ പൂജ്യത്തിന് ആദ്യ ഓവറിൽ തന്നെ നഷ്ടമായ ലക്നൗവിന് പവര്‍‍പ്ലേയ്ക്കുള്ളിൽ കെഎൽ രാഹുലിനെയും നഷ്ടമായി. ഡി കോക്കിനെ ചഹാറും രാഹുലിനെ മുസ്തഫിസുറും ആണ് പുറത്താക്കിയത്. സ്കോര്‍ 88 റൺസിൽ നിൽക്കുമ്പോള്‍ 11ാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ മതീഷ പതിരാന പുറത്താക്കി. 55 റൺസാണ് മാര്‍ക്കസ് സ്റ്റോയിനിസ് – ദേവ്ദത്ത് പടിക്കൽ(13) കൂട്ടുകെട്ട് നേടിയത്.

പടിക്കൽ പുറത്തായ ശേഷം എത്തിയ നിക്കോളസ് പൂരന്‍ മാര്‍ക്കസ് സ്റ്റോയിനിസിന് മികച്ച പിന്തുണ നൽകിയപ്പോള്‍ മത്സരത്തിലേക്ക് ലക്നൗ തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ഈ കൂട്ടുകെട്ട് അവസാന നാലോവറിലെ ലക്ഷ്യം 54 റൺസാക്കി മാറ്റി. 31 പന്തിൽ 69 റൺസായിരുന്നു ഈ കൂട്ടുകെട്ട് ഈ ഘട്ടത്തിൽ നേടിയത്.

സ്റ്റോയിനിസ് പൂരന്‍

തൊട്ടടുത്ത ഓവറിൽ മതീഷ പതിരാന നിക്കോളസ് പൂരനെ മടക്കിയയ്ച്ചപ്പോള്‍ 1 റൺസ് കൂടി മാത്രമാണ് ഈ കൂട്ടുകെട്ട് അധികം നേടിയത്. 15 പന്തിൽ 34 റൺസായിരുന്നു പൂരന്‍ നേടിയത്. 18ാം ഓവറിൽ സ്റ്റോയിനിസ് തന്റെ ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിനായി താരം 56 പന്തുകളാണ് നേരിട്ടത്. ഇതേ ഓവറിലെ അവസാന പന്തിൽ ഹുഡ സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസാണ് വന്നത്. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 32 റൺസായിരുന്നു വേണ്ടിയിരുന്നത്.

പതിരാനയെ ആദ്യ പന്തിൽ സ്റ്റോയിനിസ് ബൗണ്ടറി പായിച്ചപ്പോള്‍ മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടി ദീപക് ഹൂഡയും ലക്നൗവിന്റെ തുണയായി രംഗത്തെത്തി. ഓവറിൽ നിന്ന് പതിനഞ്ച് റൺസ് വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 17 റൺസായിരുന്നു.

അവസാന ഓവര്‍ എറിയാനെത്തിയ മുസ്തഫിസുറിനെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും സ്റ്റോയിനിസ് നേടിയപ്പോള്‍ ലക്ഷ്യം 4 പന്തിൽ 7 റൺസായി മാറി. മൂന്നാം പന്തിൽ ബൗണ്ടറി പിറന്നപ്പോള്‍ ആ പന്ത് നോബോള്‍ ആയതിനാൽ തന്നെ ലക്ഷ്യം 4 പന്തിൽ 2 റൺസായി. അടുത്ത പന്ത് ബൗണ്ടറി കടത്തി ചെന്നൈയെ വീണ്ടും തോല്പിച്ച് ലക്നൗ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി.

സ്റ്റോയിനിസ് – ഹൂഡ കൂട്ടുകെട്ട് 55 റൺസാണ് വിജയത്തിനായി അഞ്ചാം വിക്കറ്റിൽ നേടിയത്.