തുടക്കത്തില്‍ മുഹമ്മദ് ഷമി ഏല്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ് പതറിയെങ്കിലും അവസാന ഓവറുകളില്‍ 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച സ്റ്റോയിനിസിന്റെ മികവില്‍ ഐപിഎല്‍ 2020ന്റെ രണ്ടാമത്തെ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 157/8 റണ്‍സ് മാത്രം നേടി ഡല്‍ഹിയുടെ യുവനിര.
13/3 എന്ന നിലയിലേക്ക് വീണ ഡല്‍ഹിയെ ശ്രേയസ്സ് അയ്യര്‍-ഋഷഭ് പന്ത് കൂട്ടുകെട്ട് 73 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തില്‍ ഇരുവരും പുറത്തായതോടെ ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമായി.
അടുത്തടുത്ത പന്തുകളിലാണ് 31 റണ്‍സ് നേടിയ ഋഷഭ് പന്തും 39 റണ്‍സ് നേടിയ അയ്യരും പുറത്തായത്. രവി ബിഷ്ണോയ് പന്തിനെ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്കാണ് അയ്യരുടെ വിക്കറ്റ്. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗ് പ്രകടനമാണ് ഡല്‍ഹിയെ 153 റണ്‍സിലേക്ക് നയിച്ചത്. 7 ഫോറും 3 സിക്സും നേടിയ താരം 21 പന്തില്‍ നിന്ന് 53 റണ്‍സ് നേടുകയായിരുന്നു.
127/7 എന്ന നിലയില്‍ അശ്വിന്‍ പുറത്തായ ശേഷം കാഗിസോ റബാഡയെ കാഴ്ചക്കാരനാക്കിയാണ് എട്ടാം വിക്കറ്റില്‍ സ്റ്റോയിനിസ് 27 റണ്‍സ് നേടിയത്.
ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. വിക്കറ്റൊന്നും ലഭിയ്ക്കാതിരുന്ന താരം 56 റണ്‍സാണ് നാലോവറില്‍ വഴങ്ങിയത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെല്‍ഡണ്‍ കോട്രെല്‍ 2 വിക്കറ്റും നേടി. രവി ബിഷ്ണോയിയ്ക്കാണ് ഒരു വിക്കറ്റ്.