ഐപിഎലില്‍ പത്ത് സെക്കന്‍ഡ് പരസ്യത്തിന് സ്റ്റാര്‍ സ്പോര്‍ട്സ് വാങ്ങുക 10 ലക്ഷം രൂപ

Sports Correspondent

ഐപിഎല്‍ 2020നിടെയുള്ള പരസ്യത്തിലൂടെ കോടികള്‍ കൊയ്യാനൊരുങ്ങി സ്റ്റാര്‍ സ്പോര്‍ട്സ്. മത്സരത്തിനിടെ കാണിക്കുന്ന പരസ്യത്തിന് പത്ത് സെക്കന്‍ഡിന് പത്ത് ലക്ഷം രൂപയാണ് വാങ്ങിക്കുവാന്‍ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ
സ്റ്റാര്‍ സ്പോര്‍ട്സ് ഒരുങ്ങുന്നതെന്നാണ് അറിയുവാന്‍ കഴിയുന്നത്. കൊറോണ ഭീതിയില്‍ ആളുകളെല്ലാം വീടിനുള്ളില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ പരസ്യങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കാം എന്നാണ് കമ്പനിയുടെ തീരുമാനം.

ഐടി കമ്പനികളെല്ലാം വര്‍ക്ക് ഫ്രം ഹോമിലായതിനാല്‍ ഐപിഎല്‍ സമയത്ത് കൂടുതല്‍ ആളുകള്‍ മത്സരം കാണുമെന്നാണ് അറിയുന്നത്. 3000 കോടി രൂപയാണ് കഴിഞ്ഞ തവണ പരസ്യത്തിലൂടെ സ്റ്റാര്‍ സ്പോര്‍ട്സ് നേടിയത്. വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെല്ലാം കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും യാതൊരു ഇളവും പരസ്യ നിരക്കില്‍ വേണ്ടെന്നാണ് സ്റ്റാര്‍ സ്പോര്‍ട്സിന്റെ തീരുമാനം.

8-10 ലക്ഷം രൂപ വരെയാണ് ഓരോ പത്ത് സെക്കന്‍ഡ് പരസ്യത്തിനും സ്റ്റാര്‍ സ്പോര്‍ട്സ് ഈടാക്കാന്‍ പോകുന്നത്. പ്രതിവര്‍ഷം 3270 കോടി രൂപയാണ് സ്റ്റാര്‍ ബിസിസിഐക്ക് സംപ്രേക്ഷണാവകാശമായി നല്‍കുന്നത്. നേരത്തെ ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തിന് 25 ലക്ഷം ആണ് സ്റ്റാര്‍ വാങ്ങിയത്. മറ്റു മത്സരങ്ങള്‍ക്ക് 16-18 ലക്ഷവുമാണ് 10 സെക്കന്‍ഡിനായി വാങ്ങിയത്.

ഇത് പരിഗണിക്കുമ്പോള്‍ ഐപിഎലിന്റെ പരസ്യ നിരക്ക് താരതമ്യേന കുറവാണെന്ന് പറയാവുന്നതാണ്.