ഐപിഎലില്‍ തങ്ങളുടെ അഞ്ചാം ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ഡൽഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 266 റൺസ് നേടിയ സൺറൈസേഴ്സ് ഡൽഹിയെ 199 റൺസിലൊതുക്കി 67 റൺസ് വിജയം ആണ് കരസ്ഥമാക്കിയത്. ഡൽഹി നിരയിൽ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് മാത്രമാണ് പൊരുതി നിന്നത്. അവസാന ഓവറുകളിൽ റൺ റേറ്റിന് ഋഷഭ് പന്ത് വേഗത നൽകിയെങ്കിലും മത്സരം ഡൽഹി അപ്പോളേക്ക് കൈവിട്ടിരുന്നു.
5 പന്തിൽ 16 റൺസ് നേടി പൃഥ്വി മികച്ച തുടക്കമാണ് നൽകിയതെങ്കിലും ആദ്യ ഓവറിൽ തന്നെ താരത്തെ നഷ്ടമായത് ഡൽഹിയ്ക്ക് തിരിച്ചടിയായി. പൃഥ്വി ഷായെയും ഡേവിഡ് വാര്‍ണറെയും തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ഡൽഹി 88/2 എന്ന നിലയിലായിരുന്നു.
മയാംഗ് മാര്‍ക്കണ്ടേയെ സിക്സര്‍ പറത്തി ജേക്ക് 15 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. ഓവറിൽ നിന്ന് രണ്ട് സിക്സ് കൂടി താരം നേടിയ താരം ഡൽഹിയെ നൂറ് കടത്തിയെങ്കിലും ഓവറിലെ അവസാന പന്തിൽ താരത്തെ മയാംഗ് മാര്‍ക്കണ്ടേ പുറത്താക്കി.
18 പന്തിൽ 65 റൺസായിരുന്നു ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് നേടിയത്. അടുത്ത ഓവറിൽ അഭിഷേക് പോറെൽ ഷഹ്ബാസ് അഹമ്മദിനെതിരെ ബൗണ്ടറി വര്‍ഷിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. പോറൽ ഓവറിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 22 റൺസാണ് പിറന്നത്.
അടുത്ത ഓവറിൽ പോറെലിനെ പുറത്താക്കി മയാംഗ് മാര്‍ക്കണ്ടേ സൺറൈസേഴ്സിന് മത്സരത്തിൽ മേൽക്കൈ നൽകി. 22 പന്തിൽ 42 റൺസാണ് പോറെൽ നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് വേഗത്തിൽ റൺസ് സ്കോര്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടിയ ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത് ബൗണ്ടറികള്‍ കണ്ടെത്തിത്തുടങ്ങിയപ്പോളേക്കും മത്സരം ഡൽഹിയ്ക്ക് അപ്രാപ്യമായി മാറിയിരുന്നു.
അവസാന ഓവറിലെ ആദ്യ പന്തിൽ പന്ത് പുറത്താകുമ്പോള്‍ താരം 35 പന്തിൽ നിന്ന് 43 റൺസാണ് നേടിയത്. സൺറൈസേഴ്സിനായി ടി നടരാജന്‍ 4 ഓവറിൽ 19 റൺസ് മാത്രം വിട്ട് നൽകി 4 വിക്കറ്റ് നേടി.