യൂസുവേന്ദ്ര ചഹാലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിനും രാജസ്ഥാനെ രക്ഷിയ്ക്കാനായില്ല. അവസാന 2 ഓവറിൽ 41 റൺസെന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്സിന് 4 വിക്കറ്റ് വിജയം. 19ാം ഓവര്‍ എറിഞ്ഞ കുൽദീപ് യാദവിനെ 3 സിക്സും ഒരു ഫോറും നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് അടുത്ത പന്തിൽ പുറത്തായെങ്കിലും അവസാന ഓവറിൽ ലക്ഷ്യം 17 ആയിരുന്നു.
സന്ദീപ് ശര്‍മ്മ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ അബ്ദുള്‍ സമദ് സിക്സ് നേടിയെങ്കിലും പിന്നീട് ബൗളിംഗിൽ തിരിച്ചുവരവ് നടത്തിയ സന്ദീപ് അവസാന പന്തിൽ ലക്ഷ്യം 5 റൺസാക്കി മാറ്റി. അവസാന പന്തിൽ സമദിനെ ലോംഗ് ഓഫിൽ ക്യാച്ചാക്കി മാറ്റിയെങ്കിലും സന്ദീപ് നോ ബോള്‍ എറിഞ്ഞത് രാജസ്ഥാന് വലിയ തിരിച്ചടിയായി. അവസാന പന്തിൽ സിക്സര്‍ പറത്തി സമദ് സൺറൈസേഴ്സിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
പവര്‍പ്ലേയ്ക്കുള്ളിൽ അന്മോൽപ്രീത് സിംഗിനെ നഷ്ടമായപ്പോള്‍ 51/1 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. 33 റൺസാണ് താരം നേടിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 52 റൺസായിരുന്നു സൺറൈസേഴ്സ് നേടിയത്. അന്മോൽപ്രീത് പുറത്തായ ശേഷവും മികച്ച രീതിയിൽ ബാറ്റ് വീശിയ അഭിഷേക് ശര്‍മ്മ രണ്ടാം വിക്കറ്റിൽ 65 റൺസാണ് രാഹുല്‍ ത്രിപാഠിയ്ക്കൊപ്പം നേടിയത്.
34 പന്തിൽ 55 റൺസ് നേടിയ താരത്തെ അശ്വിന്‍ ആണ് പുറത്താക്കിയത്. മുരുഗന്‍ അശ്വിന്‍ എറിഞ്ഞ 14ാം ഓവറിൽ ക്ലാസ്സെനും ത്രിപാഠിയും കസറിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് വന്നത്. ഇതോടെ അവസാന ആറോവറിൽ 79 റൺസായി സൺറൈസേഴ്സിന്റെ വിജയ ലക്ഷ്യം മാറി.
12 പന്തിൽ 26 റൺസ് നേടി അപകടകാരിയായി മാറിയ ക്ലാസ്സനെ ചഹാല്‍ വീഴ്ത്തിയതോടെ സൺറൈസേഴ്സിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ത്രിപാഠിയുടെ ക്യാച്ച് ഇംപാക്ട് സബായി എത്തിയ ഒബേദ് മക്കോയിയുടെ ഓവറിൽ സഞ്ജു കൈവിട്ടപ്പോള്‍ തൊട്ടടുത്ത പന്തിൽ സിക്സര്‍ പറത്തി ത്രിപാഠി തന്റെ അര്‍ദ്ധ ശതകത്തിനരികെ എത്തി. ഓവറിൽ നിന്ന് മാര്‍ക്രവും ബൗണ്ടറി നേടിയപ്പോള്‍ സൺറൈസേഴ്സിന്റെ ലക്ഷ്യം 18 പന്തിൽ 44 റൺസ് മാത്രമായി.
നിര്‍ണ്ണായകമായ പതിനെട്ടാം ഓവറിൽ ചഹാല്‍ ത്രിപാഠിയെ വീഴ്ത്തി സൺറൈസേഴ്സിന് വലിയ തിരിച്ചടിയാണ് നൽകിയത്. 29 പന്തിൽ 47 റൺസായിരുന്നു ത്രിപാഠി നേടിയത്.
അതേ ഓവറിൽ തന്നെ മാര്‍ക്രത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ചഹാൽ സൺറൈസേഴ്സിന് ഇരട്ട പ്രഹരം നൽകി. ചഹാലിന്റെ മത്സരത്തിലെ നാലാം വിക്കറ്റായിരുന്നു ഇത്.
കുൽദീപ് യാദവ് എറിഞ്ഞ 19ാം ഓവറിൽ ആദ്യ മൂന്ന് പന്തിൽ സിക്സര്‍ നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് ഓവറിലെ നാലാം പന്തിൽ ബൗണ്ടറി നേടി. 7 പന്തിൽ 25 റൺസ് നേടിയ താരത്തെ കുൽദീപ് യാദവ് തന്നെ പുറത്താക്കിയെങ്കിലും 7 പന്തിൽ 19 റൺസെന്ന നിലയിലായിരുന്നു സൺറൈസേഴ്സിന്റെ വിജയ ലക്ഷ്യം. ഓവറിലെ അവസാന പന്തിൽ മാര്‍ക്കോ ജാന്‍സെന്‍ ഡബിള്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 24 റൺസ് വന്നു. ഇതോടെ സൺറൈസേഴ്സിന് ജയത്തിനായി 17 റൺസായിരുന്നു നേടേണ്ടിയിരുന്നത്.
അവസാന ഓവറിൽ സന്ദീപ് ശര്‍മ്മ അവസാന പന്ത് വരെ പൊരുതി നിന്നുവെങ്കിലും അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോള്‍ താരം എറിഞ്ഞ നോ ബോള്‍ വിനയായി മാറി. ഇതോടെ ലക്ഷ്യം നാല് റൺസായി മാറിയപ്പോള്‍ സമദ് സിക്സര്‍ നേടി വിജയം സൺറൈസേഴ്സിന്റെ പക്ഷത്തേക്കാക്കി. അബ്ദുള്‍ സമദ് 7 പന്തിൽ 17 റൺസ് നേടി സൺറൈസേഴ്സിന്റെ ഹീറോ ആയി മാറി.