ചെണ്ടയായി മാറി ആര്‍സിബി ബൗളിംഗ്, കൊട്ടിപഠിച്ച സൺറൈസേഴ്സിന് പുത്തന്‍ റെക്കോര്‍ഡ്

Sports Correspondent

ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

Klaasen

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.