അവസാന ഓവറില്‍ 18 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിനെ ഓവറില്‍ നിന്ന് നാല് ഫോര്‍ അടക്കം നേടി ഡേവിഡ് വാര്‍ണറും റഷീദ് ഖാനും വിജയത്തിന് തൊട്ടടുത്തെത്തിച്ചുവെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് ജയിക്കേണ്ട സമയത്ത് ഒരു റണ്‍സ് മാത്രം വാര്‍ണര്‍ക്ക് നേടാനായപ്പോള്‍ മത്സരം ടൈയില്‍ അവസാനിക്കുകയായിരുന്നു.
33 പന്തില്‍ നിന്ന് 47 റണ്‍സ് നേടി ഡേവിഡ് വാര്‍ണറും 15 പന്തില്‍ 23 റണ്‍സ് നേടി അബ്ദുള്‍ സമദുമാണ് സണ്‍റൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ അവസാന ഓവറില്‍ ലക്ഷ്യത്തിന് തൊട്ടരികിലെത്തിയ വാര്‍ണര്‍ക്ക് മത്സരം അവസാനിപ്പിക്കുവാനായില്ല.
ഡേവിഡ് വാര്‍ണര്‍ക്ക് പകരം കെയിന്‍ വില്യംസണെ ഓപ്പണിംഗില്‍ പരീക്ഷിച്ച സണ്‍റൈസേഴ്സിന് വേണ്ടി മിന്നും തുടക്കമാണ് ജോണി ബൈര്‍സ്റ്റോയും കെയിന്‍ വില്യംസണും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലേയില്‍ നിന്ന് 57 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കിയത്.
പവര്‍പ്ലേയ്ക്ക് ശേഷം ആദ്യമായി ഐപിഎലില്‍ പന്തെറിയുവാനെത്തിയ ലോക്കി ഫെര്‍ഗൂസണ്‍ തന്റെ ന്യൂസിലാണ്ട് നായകനെ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. 19 പന്തില്‍ നിന്ന് 29 റണ്‍സ് ആണ് കെയിന്‍ വില്യംസണ്‍ നേടിയത്. വില്യംസണ്‍ പുറത്തായ ശേഷം പ്രിയം ഗാര്‍ഗിനെയാണ് വണ്‍ ഡൗണായി സണ്‍റൈസേഴ്സ് ഇറക്കിയത്.
എന്നാല്‍ ഈ നീക്കം വിജയിക്കാതെ പോകുന്നതാണ് കണ്ടത്. തന്റെ രണ്ടാം ഓവര്‍ എറിയുവാനെത്തിയ ഫെര്‍ഗൂസണ്‍ പ്രിയം ഗാര്‍ഗിനെയും പുറത്താക്കിയപ്പോള്‍ സണ്‍റൈസേഴ്സിന്റെ നില പരുങ്ങലിലായി. തൊട്ടടുത്ത ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്ക്ക് മൂന്നാം വിക്കറ്റ് നേടിക്കൊടുത്തു.
36 റണ്‍സ് നേടിയ ബൈര്‍സ്റ്റോയ്ക്ക് പിന്നാലെ മനീഷ് പാണ്ടേയെയും സണ്‍റൈസേഴ്സിന് നഷ്ടപ്പെട്ടപ്പോള്‍ ടീം 82/4 എന്ന നിലയിലേക്ക് വീണു. മനീഷ് പാണ്ടേയെ വീഴ്ത്തി ലോക്കി ഫെര്‍ഗൂസണ്‍ തന്റെ മൂന്നാം വിക്കറ്റാണ് നേടിയത്. അഞ്ചാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും വിജയ് ശങ്കറും ചേര്‍ന്ന് 27 റണ്‍സ് കൂട്ടുകെട്ടുമായി സണ്‍റൈസേഴ്സിനെ മുന്നോട്ട് നയിച്ചുവെങ്കിലും പാറ്റ് കമ്മിന്‍സ് വിജയ് ശങ്കറെ(7) പുറത്താക്കുകയായിരുന്നു.
ഡേവിഡ് വാര്‍ണറും അബ്ദുള്‍ സമദും ചേര്‍ന്ന് ലക്ഷ്യം 12 പന്തില്‍ 30 റണ്‍സാക്കി മാറ്റുകായയിരുന്നു. ശിവം മാവി എറിഞ്ഞ 19ാം ഓവറില്‍ സമാദും ഡേവിഡ് വാര്‍ണറും ഓരോ ബൗണ്ടറി വീതം നേടി ഓവറില്‍ നിന്ന് 12 റണ്‍സ് സ്വന്തമാക്കിയെങ്കിലും അവസാന പന്തില്‍ സിക്സര്‍ ശ്രമിച്ച സമാദിനെ ലോക്കി ഫെര്‍ഗൂസണ്‍ – ശുഭ്മന്‍ ഗില്‍ കൂട്ടുകെട്ട് ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു.
ഇതോടെ ലക്ഷ്യം അവസാന ഓവറില്‍ 18 റണ്‍സായി മാറി.