ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഫൈനലില്‍ കടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് സണ്‍റൈസേഴ്സിനെ 172 റണ്‍സില്‍ ഒതുക്കി 17 റണ്‍സിന്റെ വിജയത്തോടെയാണ് ഡല്‍ഹി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കെയിന്‍ വില്യംസണും അബ്ദുള്‍ സമാദും സണ്‍റൈസേഴ്സ് പ്രതീക്ഷ കാത്ത് രക്ഷിച്ചുവെങ്കിലും സ്റ്റോയിനിസ് വില്യംസണെ പുറത്താക്കിയ ശേഷം ടീം തകര്‍ന്നു. അടുത്ത ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി റബാഡയും രംഗത്തെത്തിയതോടെ ഡല്‍ഹി വിജയം സ്വന്തമാക്കി.
പ്രിയം ഗാര്‍ഗ് മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും മറുവശത്ത് റബാഡ 2 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ പുറത്താക്കി. താന്‍ മികച്ച ഫോമിലാണെന്ന് മനീഷ് പാണ്ടേ തുടക്കത്തില്‍ കാണിച്ചുവെങ്കിലും സ്റ്റോയിനിസ് പ്രിയം ഗാര്‍ഗിനെയും മനീഷിനെയും പുറത്താക്കി സണ്‍റൈസേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
ഹോള്‍ഡറെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 46 റണ്‍സ് കെയിന്‍ വില്യംസണ് നേടിയെങ്കിലും അക്സര്‍ പട്ടേലിന് വിക്കറ്റ് നല്കി ഹോള്‍ഡര്‍ മടങ്ങുകയായിരുന്നു. 11 റണ്‍സാണ് താരം നേടിയത്. 35 പന്തില്‍ നിന്ന് വില്യംസണ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.
36 പന്തില്‍ 77 റണ്‍സെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ആഗ്രഹിച്ച ഓവറാണ് പിന്നീട് വന്നത്. ആന്റിക് നോര്‍ക്കിയ എറിഞ്ഞ ഓവറില്‍ നിന്ന് 16 റണ്‍സ് വന്നപ്പോള്‍ ഒരു സിക്സും രണ്ട് ഫോറും നേടിയത് അബ്ദുള്‍ സമാദ് ആയിരുന്നു.
അശ്വിന് എറിഞ്ഞ അടുത്ത ഓവറില്‍ പത്ത് റണ്‍സ് പിറന്നപ്പോള്‍ അവസാന നാലോവറില്‍ 51 റണ്‍സായി സണ്‍റൈസേഴ്സ് ലക്ഷ്യം. 31 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ കൂട്ടുകെട്ട് സ്റ്റോയിനിസ് തകര്‍ക്കുമ്പോള്‍ 43 റണ്‍സ് വേണമായിരുന്നു സണ്‍റൈസേഴ്സിന്. 45 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ വില്യംസണിനെ സണ്‍റൈസേഴ്സിന് നഷ്ടമായപ്പോള്‍ കനത്ത തിരിച്ചടിയാണ് ടീം നേരിട്ടത്.
അശ്വിന് എറിഞ്ഞ അടുത്ത ഓവറില്‍ ഒരു സിക്സും ഫോറും നേടി റഷീദ് ഖാനും മത്സരം സജീവമാക്കി നിര്‍ത്തിയപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 30 റണ്‍സായി. അബ്ദുള്‍ സമാദ് കാഗിസോ റബാഡയെ ഒരു സിക്സര്‍ പറത്തി സണ്‍റൈസേഴ്സ് ക്യാമ്പില്‍ ആഹ്ലാദ നിമിഷങ്ങള്‍ നല്‍കിയെങ്കിലും സമാദിനെയും റഷീദ് ഖാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റബാഡ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ശ്രീവത്സ് ഗോസ്വാമിയെയും താരം അതേ ഓവറില്‍ പുറത്താക്കിയെങ്കിലും ഇടയ്ക്ക് ഒരു വൈഡ് എറിഞ്ഞതിനാല്‍ താരത്തിന് ഹാട്രിക്ക് ലഭിച്ചില്ല.
ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 22 റണ്‍സായി മാറി. എന്നാല്‍ ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രം പിറന്നപ്പോള്‍ സണ്‍റൈസേഴ്സ് 17 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി.
തന്റെ അവസാന ഓവറിലെ 3 വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റ് നേടിയ കാഗിസോ റബാഡയും മൂന്ന് നിര്‍ണ്ണായക വിക്കറ്റ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസുമാണ് ഡല്‍ഹിയുടെ വിജയം ഉറപ്പിച്ചത്.