Sunrisersmayankmarkande

ഡൽഹിയുടെ ചേസിംഗിന്റെ താളം തെറ്റി, 9 റൺസ് വിജയവുമായി സൺറൈസേഴ്സ്

ഐപിഎലില്‍ സൺറൈസേഴ്സിന് ഡൽഹിയ്ക്കെതിരെ 9 റൺസ് വിജയം. 197/6 എന്ന സൺറൈസേഴ്സിന്റെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് 188/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഫിലിപ്പ് സാള്‍ട്ട്, മിച്ചൽ മാര്‍ഷ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം താളം തെറ്റിയ ഡൽഹിയുടെ ബാറ്റിംഗിനെ അവസാന ഓവറുകളിൽ അക്സര്‍ പട്ടേൽ വേഗത നൽകുവാന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം അകലെ തന്നെ നിന്നു.

വാര്‍ണര്‍ പൂജ്യത്തിന് പുറത്തായ ശേഷം ഫിലിപ്പ് സാള്‍ട്ട് – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 112 റൺസ് കൂട്ടുകെട്ടിന് ശേഷം സാള്‍ട്ടിനെയും മിച്ചൽ മാര്‍ഷിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ഡൽഹിയ്ക്ക് തിരിച്ചടിയായി.

സാള്‍ട്ട് 35 പന്തിൽ നിന്ന് 59 റൺസും മാര്‍ഷ് 39 പന്തിൽ നിന്ന് 63 റൺസുമാണ് നേടിയത്. 112/1 എന്ന നിലയിൽ നിന്ന് 125/4 എന്ന നിലയിലേക്ക് ഡൽഹി വീണപ്പോള്‍ ടീമിന്റെ വിജയ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറി ഇത്.

പ്രിയം ഗാര്‍ഗിനെ(12) പുറത്താക്കി മയാംഗ് മാര്‍ക്കണ്ടേ തന്റെ രണ്ടാം വിക്കറ്റ് നേടി. സാള്‍ട്ടിന്റെ വിക്കറ്റും മാര്‍ക്കണ്ടേ ആണ് നേടിയത്.

അവസാന മൂന്നോവറിൽ 50 റൺസായിരുന്നു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഡൽഹി നേടേണ്ടിയിരുന്നത്. അക്സര്‍ പട്ടേൽ 14 പന്തിൽ 29 റൺസും റിപൽ പട്ടേൽ 8 പന്തിൽ 11 റൺസും നേടി പൊരുതി നോക്കിയെങ്കിലും 188 റൺസ് നേടാന്‍ മാത്രമേ ഡൽഹിയ്ക്ക് സാധിച്ചുള്ളു.

Exit mobile version