മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ എല്ലാ മേഖലകളിലും ഡൽഹി ക്യാപിറ്റൽസിനേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഇന്നലെ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ് അയ്യർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 4 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 5 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുത്ത് മത്സരം അനായാസം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 10-15 റൺസ് കുറച്ചാണ് എടുത്തതെന്നും 170-175 റൺസ് എടുത്തിരുന്നേൽ മത്സരം വ്യത്യസ്‌ത രീതിയിൽ ആവുമായിരുന്നെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സ്റ്റോയിനിസ് റൺ ഔട്ട് ആയത് ഡൽഹിക്ക് കനത്ത തിരിച്ചടി ആയെന്നും ഡൽഹിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രധാന തെറ്റ് ഇതായിരുന്നെന്നും അയ്യർ പറഞ്ഞു. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും ഫീൽഡിങ്ങിൽ പിഴവുകൾ വരുത്തുകയും ചെയ്‌തെന്ന് പറഞ്ഞ അയ്യർ അടുത്ത മത്സരത്തിന് മുൻപ് ഈ പിഴവുകൾ എല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.