ഡിസംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ലേലത്തിൽ പഞ്ചാബ് കിംഗ്സ് ആള് മാറി വാങ്ങിയ താരമായിരുന്നു ശശാങ്ക് സിംഗ്. 19കാരനായ ശശാങ്കിനെ ലക്ഷ്യമിട്ട പഞ്ചാബ് കിങ്സ് വാങ്ങിയത് 32കാരനായ ശശാങ്ക് സിങിനെ ആയിരുന്നു. അന്ന് പഞ്ചാബ് ആ തെറ്റ് തിരിച്ചറിയും മുമ്പ് ലേല നടപടികൾ കഴിഞ്ഞിരുന്നു. പഞ്ചാബ് പിന്നീട് ഈ ശശാങ്കിനെ തന്നെയാണ് വാങ്ങിയത് എന്ന് വ്യക്തമാക്കി കൊണ്ട് പ്രസ്താവന ഇറക്കി എങ്കിലും അന്ന് അവർക്ക് പറ്റിയ അബദ്ധമാണെന്നത് വ്യക്തമായിരുന്നു.
അന്ന് ഈ വിവാദങ്ങളിലൊക്കെ ആളുകൾ ട്രോൾ ചെയ്ത മുഖമായിരുന്നു ശശാങ്ക് സിങ്. ഇന്ന് ആ ശശാങ്ക് താൻ അബദ്ധമല്ല ഭാഗ്യമാണെന്ന് തെളിയിക്കുന്നത് കാണാൻ ആയി. ഗുജറാത്തിനെതിരെ ഒരു അവിസ്മരണീയ ഇന്നിങ്സ് കളിച്ച് പഞ്ചാബിനെ ജയത്തിൽ എത്തിക്കാൻ ശശാങ്കിനായി.
ശശാങ്ക് 29 പന്തിൽ നിന്ന് 61 റൺസുമായി പുറത്താകാതെ നിന്നു പഞ്ചാബിനെ 200 റൺസ് ചെയ്സ് ചെയ്യാൻ സഹായിച്ചു. ആറ് ഫോറും നാല് സിക്‌സറുകളും ശശാങ്ക് നേടി.
55 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ശശാങ്ക് 135.83 സ്‌ട്രൈക്ക് റേറ്റിൽ 724 റൺസും 15 വിക്കറ്റും കരിയറിൽ നേടിയിട്ടുണ്ട്. മുമ്പ് ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്ന അദ്ദേഹം ആഭ്യന്തര തലത്തിൽ ഛത്തീസ്ഗഢിന് പുറമെ മുംബൈയെയും പുതുച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ഇനി അങ്ങോട്ട് പഞ്ചാബ് കിങ്സിന്റെ പ്രധാന താരമായി ശശാങ്ക് ഉണ്ടാകും എന്ന് ഉറപ്പിക്കാം.