കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 10 വിക്കറ്റ് ജയത്തിലേക്ക് നയിച്ച ഡു പ്ലെസ്സി – വാട്സൺ കൂട്ടുകെട്ട് സൃഷിട്ടിച്ചത് നിരവധി റെക്കോർഡുകൾ. മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 179 റൺസ് എന്ന ലക്‌ഷ്യം വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നിരുന്നു. 14 പന്തുകൾ ബാക്കിവെച്ചാണ് ചെന്നൈ ഇന്നലെ വിജയം ഉറപ്പിച്ചത്.
53 പന്തിൽ 83 റൺസ് എടുത്ത ഷെയിൻ വാട്സന്റെയും 53 പന്തിൽ റൺസ് എടുത്ത ഡു പ്ലെസ്സിയുടെയും പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിന് 10 വിക്കറ്റ് ജയം നേടിക്കൊടുത്തത്. ഇന്നലത്തെ 10 വിക്കറ്റ് ജയം ഇന്ത്യൻ പ്രീമിയർ ലീഗ് ചരിതത്തിലെ വിക്കറ്റ് നഷ്ട്ടപെടാതെയുള്ള ഏറ്റവും വലിയ രണ്ടാമത്തെ ചേസ് ചെയ്തുള്ള വിജയം കൂടിയായിരുന്നു. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിതത്തിലെ ഏറ്റവും വലിയ നാലാമത്തെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും ഇത് തന്നെയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വലിയ കൂട്ടുകെട്ടുകളുടെ കാര്യത്തിൽ ഡു പ്ലെസ്സി – വാട്സൺ കൂട്ടുകെട്ട് ഒൻപതാം സ്ഥാനത്താണ്. കൂടാതെ ദുബായ് സ്റ്റേഡിയത്തിൽ ആദ്യമായാണ് ഈ സീസണിൽ ഒരു ടീം ചേസ് ചെയ്ത് ജയം സ്വന്തമാക്കുന്നത്. ഇതുവരെ ദുബായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എല്ലാം രണ്ടാമത് ബാറ്റ് ചെയ്ത ടീം പരാജയപെടുകയാണ് ഉണ്ടായത്. 2013ന് ശേഷം ആദ്യമായാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഒരു മത്സരം 10 വിക്കറ്റിന് ജയിച്ചത്. 2013ൽ ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചപ്പോൾ കിങ്‌സ് ഇലവൻ പഞ്ചാബ് തന്നെയായിരുന്നു അവരുടെ എതിരാളികൾ.