ഋഷഭ് പന്ത് ഈ തലമുറയുടെ വീരൂ – സഞ്ജയ് മഞ്ജരേക്കര്‍

Sports Correspondent

ഋഷഭ് പന്ത് ഈ തലമുറയിലെ വീരേന്ദര്‍ സേവാഗാണെന്ന് അഭിപ്രായവുമായി സഞ്ജയ് മഞ്ജരേക്കര്‍. സണ്‍റൈസേഴ്സിനെതിരെ എലിമിനേറ്ററില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തിന്റെ പ്രകടനത്തിനു ശേഷമാണ് സഞ്ജയ് ഈ അഭിപ്രായം പങ്കുവെച്ചത്. 21 വയസ്സ് മാത്രമുള്ള താരത്തിന്റെ ഭയമില്ലാത്ത സമീപനത്തെയാണ് ഈ താരതമ്യത്തിനു മുതിരുവാന്‍ സഞ്ജയെ പ്രേരിപ്പിച്ചത്.

111/5 എന്ന നിലയില്‍ നിന്ന് അവസാന അഞ്ചോവറില്‍ തകര്‍ത്തടിച്ച് സണ്‍റൈസേഴ്സിനെതിരെ ടീമിനെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത് പന്ത് ആയിരുന്നു. 52 റണ്‍സായിരുന്നു അവസാന അഞ്ചോവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. 21 പന്തില്‍ നിന്ന് 49 റണ്‍സാണ് പന്ത് നേടിയത്.

ഇന്ന് രണ്ടാം ക്വാളിഫയറില്‍ ചെന്നൈയ്ക്കെതിരെ വിജയം കുറിയ്ക്കുവാന്‍ സമാനമായൊരു പ്രകടനം ഡല്‍ഹിയ്ക്ക് വേണ്ടി പന്ത് പുറത്തെടുക്കേണ്ടതായിട്ടുണ്ട്.