ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആദ്യം ബാറ്റ് 193 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. സഞ്ജു സാംസണും റിയാന്‍ പരാഗും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയ 93 റൺസാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
പവര്‍പ്ലേയ്ക്കുള്ളിൽ ഓപ്പണര്‍മാരെ രാജസ്ഥാന് നഷ്ടമാകുകയായിരുന്നു. ജോസ് ബട്‍ലര്‍ 11 റൺസ് നേടി പുറത്തായപ്പോള്‍ 12 പന്തിൽ 24 റൺസാണ് ജൈസ്വാള്‍ നേടിയത്. ജൈസ്വാള്‍ പുറത്താകുമ്പോള്‍ 49/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.
പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാംസൺ – റിയാന്‍ പരാഗ് കൂട്ടുകെട്ട് കരുതലോടെയാണ് ബാറ്റ് വീശി ടീമിനെ മുന്നോട്ട് നയിച്ചത്. യഷ് താക്കൂറിന്റെ ഓവറിൽ 21 റൺസ് നേടി റൺ റേറ്റിന് വേഗത കൂട്ടിയ ഈ കൂട്ടുകെട്ട് രാജസ്ഥാനെ പത്തോവര്‍ പിന്നിടുമ്പോള്‍ 89/2 എന്ന നിലയിലെത്തിച്ചു.
93 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത് നവീന്‍ ഉള്‍ ഹക്ക് ആയിരുന്നു. 28 പന്തിൽ 43 റൺസ് നേടിയ റിയാന്‍ പരാഗ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 142/3 എന്ന നിലയിലായിരുന്നു. പരാഗിന് പിന്നാലെ ഹെറ്റ്മ്യറും പുറത്തായതോടെ അത് രാജസ്ഥാന്റെ റൺ റേറ്റിനെ ബാധിച്ചു.
4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 193 എന്ന സ്കോര്‍ നേടിയപ്പോള്‍ സഞ്ജു സാംസൺ 52 പന്തിൽ 82 റൺസ് നേടി പുറത്താകാതെ നിന്നു. ധ്രുവ് ജുറെൽ 12 പന്തിൽ 20 റൺസുമായി സഞ്ജുവിന് അവസാന ഓവറുകളിൽ കൂട്ട് നൽകി.
അവസാന മൂന്നോവറിൽ രാജസ്ഥാനെ വലിയ അടികള്‍ക്ക് അവസരം നൽകാതെ മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയപ്പോള്‍ 200ന് മേലെയുള്ള സ്കോര്‍ എന്ന രാജസ്ഥാന്റെ മോഹങ്ങള്‍ സാധ്യമായില്ല.