ഗുജറാത്തിനെ 200 റൺസിലെത്തിച്ച് സായി സുദര്‍ശനും ഷാരൂഖ് ഖാനും

Sports Correspondent

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേ ദിവസത്തെ ആദ്യ മത്സരത്തിൽ ആര്‍സിബിയ്ക്കെതിരെ ബാറ്റ് ചെയ്ത് 200 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. സാഹയെ ആദ്യ ഓവറിൽ നഷ്ടമായ ഗുജറാത്തിന് ഗിലിനെ നഷ്ടപ്പെടുമ്പോള്‍ 6.4 ഓവറിൽ 45 റൺസായിരുന്നു സ്കോര്‍. 19 പന്തിൽ നിന്ന് 16 റൺസ് മാത്രം ഗിൽ നേടിയപ്പോള്‍ അവിടെ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് സായി സുദര്‍ശന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടായിരുന്നു.

Saisudharsan

86 റൺസ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 30 പന്തിൽ 58 റൺസ് നേടിയ ഷാരൂഖ് ഖാനായിരുന്നു കൂട്ടത്തിൽ കൂടുതൽ അപകടകാരിയായി ബാറ്റ് വീശിയത്. ഷാരൂഖ് പുറത്തായ ശേഷം സായിയും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഗുജറാത്ത് 200 റൺസിലേക്ക് എത്തുകയായിരുന്നു.

Sharukhkhan

36 പന്തിൽ 69 റൺസായിരുന്നു സായി – മില്ലര്‍ കൂട്ടുകെട്ട് നേടിയത്. മില്ലര്‍ 19 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്തിലാണ് തന്റെ ഇന്നിംഗ്സിലെ ഏക സിക്സ് നേടിയത്. സായി സുദര്‍ശന്‍ 49 പന്തിൽ 84 റൺസും നേടി.