ഐപിഎലിൽ നിന്ന് പുറത്തായി പഞ്ചാബ് കിംഗ്സ്. ഇന്ന് പഞ്ചാബ് കിംഗ്സ് നൽകിയ 188 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 6 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കെയാണ് വിജയം നേടാനായത്. വിജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ മറ്റു മത്സരങ്ങളെ ആശ്രയിച്ചാണെങ്കിലും സജീവമായി തന്നെ നിലനിൽക്കുന്നു.
രണ്ടാം ഓവറിൽ കാഗിസോ റബാഡ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ താരം അക്കൗണ്ട് തുറന്നിട്ടില്ലായിരുന്നു. 12 റൺസായിരുന്നു ആ സമയത്ത് രാജസ്ഥാന്റെ സ്കോര്‍. പിന്നീട് ജൈസ്വാള്‍ – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്.
49 പന്തിൽ 73 റൺസാണ് ദേവ്ദത്ത് പടിക്കൽ – യശസ്വി ജൈസ്വാള്‍ കൂട്ടുകെട്ട് നേടിയത്. 30 പന്തിൽ 51 റൺസ് നേടിയ പടിക്കലിനെ അര്‍ഷ്ദീപ് ആണ് പുറത്താക്കിയത്. സഞ്ജു സാംസണിന് കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ രാജസ്ഥാന്‍ 90/3 എന്ന നിലയിലേക്ക് വീണു.
യശസ്വി ജൈസ്വാളിന് കൂട്ടായെത്തിയ ഷിമ്രൺ ഹെറ്റ്മ്യര്‍ അതിവേഗം ബാറ്റ് വീശിയപ്പോള്‍ അവസാന 36 പന്തിൽ 54 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ യശസ്വി പുറത്താകുന്നതാണ് പിന്നീട് കണ്ടത്. 22 പന്തിൽ 47 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 33 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. കാഗിസോ റബാഡ എറിഞ്ഞ 18ാം ഓവറിൽ ആദ്യ രണ്ട് പന്തിൽ തന്നെ 13 റൺസ് പിറന്നത് പഞ്ചാബിന് തിരിച്ചടിയായി. റിയാന്‍ പരാഗ് റബാഡയെ രണ്ട് സിക്സുകള്‍ക്ക് പറത്തിയെങ്കിലും പിന്നീടുള്ള പന്തുകളിൽ ഒരു വലിയ ഷോട്ട് പരാഗിന് സാധിക്കാതെ പോയപ്പോള്‍ 12 പന്തിൽ ലക്ഷ്യം 19 റൺസായി മാറി.
ഓവറിലെ അവസാന പന്തിൽ പരാഗ് ഔട്ട് ആയി. 12 പന്തിൽ 20 റൺസായിരുന്നു പരാഗ് നേടിയത്. സാം കറന്‍ എറിഞ്ഞ 19ാം ഓവറിൽ ഷിമ്രൺ ഹെറ്റ്മ്യര്‍ 2 ബൗണ്ടറി നേടിയപ്പോള്‍ സാം കറന്‍ താരത്തെ പുറത്താക്കി. 28 പന്തിൽ 46 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്.
അവസാന ഓവറിൽ രാജസ്ഥാന്റെ ലക്ഷ്യം 9 റൺസായി മാറിയപ്പോള്‍ പ്രതീക്ഷ മുഴുവന്‍ യുവതാരം ധ്രുവ് ജുറെലിന്മേലായിരുന്നു. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ നിന്ന് 4 റൺസ് വന്നപ്പോള്‍ ലക്ഷ്യം മൂന്ന് പന്തിൽ 5 റൺസായിരുന്നു. രാഹുല്‍ ചഹാറിനെ സിക്സര്‍ പറത്തി ധ്രുവ് ജുറെൽ ആണ് രാജസ്ഥാന്റെ 4 വിക്കറ്റ് വിജയം സാധ്യമാക്കിയത്. ധ്രുവ് ജുറെൽ 4 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.