സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് വീണ്ടും മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. ഇന്ന് ജയ്പൂരിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 180 എന്ന ലക്ഷ്യം ചെയ്സ് ചെയ്ത രാജസ്ഥാൻ 19ആം ഓവറിലേക്ക് ലക്ഷ്യത്തിൽ എത്തി. സെഞ്ച്വറിയുമായി ജയ്സ്വാൾ ഫോമിലേക്ക് ഉയർന്നതാണ് രാജസ്ഥാന് ഇന്ന് കാര്യങ്ങൾ എളുപ്പമാക്കിയത്. രാജസ്ഥാന്റെ എട്ട് മത്സരങ്ങൾക്ക് ഇടയിലെ ഏഴാം വിജയമാണിത്. 14 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് തുടരുന്നു.
ഇന്ന് മികച്ച രീതിയിൽ ആണ് രാജസ്ഥാൻ റോയൽസ് ചെയ്സ് തുടങ്ങിയത്. അവരുടെ രണ്ട് ഓപ്പണർമാരും ഇന്ന് ഫോമിൽ എത്തി. പവർ പ്ലേയിൽ 61 റൺസ് എടുക്കാൻ അവർക്ക് ആയി. പവർ പ്ലേ കഴിഞ്ഞതിനു പിന്നാലെ കളി തടസ്സപ്പെടുത്തി മഴ എത്തി. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം രാജസ്ഥാൻ റോയൽ അപ്പോൾ മുന്നിൽ ആയിരുന്നു. 41 റൺസ് മാത്രം അവർക്ക് ആ സമയത്ത് വേണ്ടിയിരുന്നുള്ളൂ.
അരമണിക്കൂറോളം മഴ കളി തടസ്സപ്പെടുത്തി എങ്കിലും ഓവറുകൾ നഷ്ടപ്പെട്ടില്ല. കളി പുനരാരംഭിച്ചപ്പോൾ 35 റൺസ് എടുത്ത ബട്ലറിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. പിയൂഷ് ചൗളയാണ് വിക്കറ്റ് നേടിയത്. ഇതോടെ സഞ്ജു ജയ്സ്വാളിനിപ്പം ചേർന്നു. ജയ്സ്വാൾ 31 പന്തിൽ തന്റെ അർധ സെഞ്ച്വറിയിൽ എത്തി. ഈ സീസൺ ഐ പി എല്ലിലെ ജയ്സ്വാളിന്റെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്.
പിന്നീട് സഞ്ജുവും ജയ്സ്വാളും ആക്രമിച്ചു തന്നെ കളിച്ചു അപരാജിത കൂട്ടുകെട്ടുമായി രാജസ്ഥാനെ ജയത്തിൽ എത്തിച്ചു. അവസാന 6 ഓവറിൽ 45 റൺസ് മാത്രമെ രാജസ്ഥാന് വേണ്ടിയിരുന്നുള്ളൂ. ബുമ്ര എറിഞ്ഞ 15ആം ഓവറിൽ 16 റൺസ് വന്നതോടെ 5 ഓവറിൽ 29 റൺസ് ആയി ടാർഗറ്റ് കുറഞ്ഞു. 16 ഓവറിൽ രാജസ്ഥാൻ 160ൽ എത്തി. പിന്നെ ജയിക്കാൻ 4 ഓവറിൽ 20 റൺസ് മാത്രം. ഇത് 3 ഓവറിൽ 10 എന്നായി കുറഞ്ഞു. ബുമ്ര ഇന്ന് 4 ഓവറിൽ 37 റൺസ് വഴങ്ങി. വിക്കറ്റ് ഒന്നും നേടിയതുമില്ല.
19ആം ഓവറിൽ ജയ്സ്വാൾ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ അവർ വിജയ റൺസും നേടി. ജയ്സ്വാൾ 60 പന്തിൽ നിന്ന് ആകെ 104 റൺസ് എടുത്തു. 7 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. സഞ്ജു സാംസൺ 28 പന്തിൽ 38 റൺസും എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ 2 സിസ്കും 2 ഫോറും ഉണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന് ഇത് അവരുടെ എട്ട് മത്സരങ്ങൾക്ക് ഇടയിൽ അഞ്ചാം പരാജയമാണ്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 179 റൺ ആയിരുന്നു എടുത്തത്. തുടക്കത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട മുംബൈയുടെ രക്ഷയ്ക്കെത്തിയത് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ആയിരുന്നു. ഇന്ന് രാജസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഓവറിൽ രോഹിത്തിനെയും രണ്ടാം എവറിൽ ഇഷാനെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ആറ് റൺസ് മാത്രമായിരുന്നു സ്കോര്‍. രോഹിത്തിനെ ബോള്‍ട്ടും ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൂര്യ കുമാര്‍ യാദവിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ മുംബൈയ്ക്ക് മൂന്നാം പ്രഹരം ഏല്പിച്ചു.
20/3 എന്ന നിലയിലേക്ക് വീണ ടീമിനെ തിലക് വര്‍മ്മ – മൊഹമ്മദ് നബി കൂട്ടുകെട്ട് മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ ബോര്‍ഡിൽ 52 റൺസുള്ളപ്പോള്‍ നബിയുടെ വിക്കറ്റ് ചഹാല്‍ വീഴ്ത്തി. 23 റൺസായിരുന്നു നബിയുടെ സ്കോര്‍. പിന്നീട് മികച്ചൊരു അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് തിലക് വര്‍മ്മ – നെഹാൽ വദേര കൂട്ടുകെട്ട് നേടിയത്.
വദേരയ്ക്ക് തന്റെ അര്‍ദ്ധ ശതകം ഒരു റൺസ് അകലെ നഷ്ടമാകുമ്പോള്‍ ഈ കൂട്ടുകെട്ട് 99 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 24 പന്തിൽ 49 റൺസ് നേടിയ വദേരയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്.
ഹാര്‍ദ്ദിക് പാണ്ഡ്യ 10 പന്തിൽ 10 റൺസ് മാത്രം നേടി അവേശ് ഖാന് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വര്‍മ്മ പുറത്തായി. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. 45 പന്തിൽ നിന്ന് 65 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്.
തൊട്ടടുത്ത പന്തിൽ സന്ദീപ് ശര്‍മ്മ ജെറാള്‍ഡ് കോയെറ്റ്സേയെയും പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി. ടിം ഡേവിഡിനെ പുറത്താക്കി സന്ദീപ് ശര്‍മ്മ തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് 179/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.