ഐപിഎല്ലിന്റെ പന്ത്രണ്ടാം എഡിഷനിൽ ഇന്ന് രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. വൈകിട്ട് 8 മണിക്കാണ് ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വെച്ചാണ് നാലാം ഐപിഎൽ മത്സരം നടക്കുക. കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം ആവർത്തിക്കാനാവും രാജസ്ഥാൻ റോയൽസ് ശ്രമിക്കുക. സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ റോയൽസിന് ടോപ്പ് ഫോറിൽ ഇടം നേടാനായെങ്കിൽ പഞ്ചാബിന് ഏഴാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കേണ്ടതായി വന്നു. അജിൻക്യ രഹാനെയാണ് രാജ്യസ്ഥാൻ റോയൽസിനെ നയിക്കുന്നത്. രവിചന്ദ്രൻ അശ്വിൻ കിംഗ് ഇലവൻ പഞ്ചാബിനെ നയിക്കും. ജോസ് ബട്ട്ലരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് കഴിഞ്ഞ സീസണിൽ രണ്ടു വർഷത്തെ വിളക്കിനു ശേഷമിറങ്ങിയ രാജസ്ഥാന് തുണയായത്.
പഞ്ചാബിനെ കഴിഞ്ഞ സീസണിൽ രാഹുൽ തുണയായെങ്കിൽ ഇത്തവണ ജമൈക്കൻ ജാമർ ക്രിസ് ഗെയിലും കൂടെയുണ്ട്. രണ്ടു സെഞ്ചുറികളും രണ്ടു അർദ്ധ സെഞ്ചുറികളും നേടി പ്രായം പഴങ്കഥയാക്കിയിരുന്നു ക്രിസ് ഗെയ്ൽ. 8.4 കോടി മുടക്കി പഞ്ചാബ് സ്വന്തമാക്കിയ വരുൺ ചക്രവർത്തിയിലേക്കായിരിക്കും ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.
വരുണിനു പിന്നാലെ ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കുറാനെയും പഞ്ചാബ് പണം വാരിയെറിഞ്ഞ സ്വന്തമാക്കിയിരുന്നു. പോരാട്ടത്തിന്റെ ചരിത്രമെടുക്കുമ്പോൾ മുൻതൂക്കം രാജസ്ഥാൻ റോയൽസിനാണ്. 17 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പത്ത് തവണയും ജയം റോയൽസിനൊപ്പമായിരുന്നു. ആറ് തവണ ജയിക്കാൻ മാത്രമേ കിങ്‌സ് ഇലവന് സാധിച്ചുള്ളൂ.