വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം ആര്‍സിബിയെ വിജയത്തിലേക്ക് ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ദിനേശ് കാര്‍ത്തിക്കും മഹിപാൽ ലോംറോറും. ഇരുവരും ചേര്‍ന്ന് 18 പന്തിൽ 48 റൺസ് നേടിയപ്പോള്‍ 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
വിരാട് കോഹ്‍ലി ബൗണ്ടറികളുമായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഫാഫ് ഡു പ്ലെസിയെയും കാമറൺ ഗ്രീനിനെയും പുറത്താക്കി കാഗിസോ റബാഡ ആദ്യ പ്രഹരങ്ങള്‍ ആര്‍സിബിയെ ഏല്പിച്ചു.
പിന്നീട് കോഹ്‍ലി – രജത് പടിദാര്‍ കൂട്ടുകെട്ടാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി 85/2 എന്ന നിലയിലായിരുന്നു. വിരാട് കോഹ്‍ലി 31 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച് നിന്നു.
എന്നാൽ ഹര്‍പ്രീത് ബ്രാര്‍ 18 റൺസ് നേടിയ രജത് പടിദാറിനെ പുറത്താക്കി 43 റൺസ് കൂട്ടുകെട്ട് തകര്‍ത്തു. തന്റെ തൊട്ടടുത്ത ഓവറിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി ബ്രാര്‍ ആര്‍സിബിയുടെ നില പരുങ്ങലിലാക്കി. അവസാന അഞ്ചോവറിൽ 67 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്.
16ാം ഓവറിൽ ഹര്‍ഷൽ പട്ടേലിനെ തുടരെ ബൗണ്ടറികള്‍ പായിച്ച് വിരാട് കോഹ്‍ലി റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ഓവറിലെ അവസാന പന്തിൽ താരത്തെ പുറത്താക്കി ഹര്‍ഷൽ തിരിച്ചടിച്ചു. ഇതോടെ ആര്‍സിബിയുടെ സ്കോര്‍ 130/5 എന്നായി.
തൊട്ടടുത്ത ഓവറിൽ അനുജ് റാവത്തിനെ സാം കറന്‍ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ഇംപാക്ട് പ്ലേയറായി മഹിപാൽ ലോംറോറിനെ ആര്‍സിബി ഇറക്കി. നേരിട്ട ആദ്യ പന്തിൽ ലോംറോര്‍ ബൗണ്ടറി നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു ബൗണ്ടറിയും നേടി ലക്ഷ്യം 18 പന്തിൽ 36 റൺസാക്കി മാറ്റി.
അര്‍ഷ്ദീപിനെ 18ാം ഓവറിൽ ലോംറോര്‍ ഒരു സിക്സും ഒരു ഫോറും നേടിയപ്പോള്‍ 13 റൺസാണ് ഓവറിൽ പിറന്നത്. അവസാന രണ്ടോവറിൽ 23 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. ഹര്‍ഷൽ പട്ടേൽ എറിഞ്ഞ 19ാം ഓവറിൽ ദിനേശ് കാര്‍ത്തിക് ഒരു സിക്സും ഒരു ഫോറും നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 13 റൺസ് ലക്ഷ്യം അവസാന ഓവറിൽ പത്താക്കി മാറ്റി.
അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഒരു ഫോറും നേടി ദിനേശ് കാര്‍ത്തിക് ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ താരം 10 പന്തിൽ 28 റൺസും മഹിപാൽ ലോംറോര്‍ 8 പന്തിൽ 17 റൺസും നേടി പുറത്താകാതെ നിന്നു.