ഹസരംഗയ്ക്ക് 5 വിക്കറ്റ്, ആര്‍സിബിയ്ക്ക് സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 190 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 125 റൺസ് മാത്രമേ നേടാനായുള്ളു. 19.2 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.

Glennmaxwell

ആദ്യ പന്തിൽ ഒരു ബോള്‍ പോലും ഫേസ് ചെയ്യാത്ത കെയിന്‍ വില്യംസണിനെ ടീമിന് റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ അതേ ഓവറിൽ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ ഗ്ലെന്‍ മാക്സ്വെൽ പുറത്താക്കി. 1/2 എന്ന നിലയിൽ നിന്ന് രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും ടീമിനെ 50 റൺസ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഹസരംഗ 21 റൺസ് നേടിയ മാര്‍ക്രത്തെ വീഴ്ത്തി.

പിന്നീട് നിക്കോളസ് പൂരനായിരുന്നു രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയത്. എന്നാൽ താരത്തിനും സ്കോര്‍ ബോര്‍ഡ് വേഗത്തിൽ ചലിപ്പിക്കുവാന്‍ സാധിക്കാതിരുന്നപ്പോള്‍ സൺറൈസേഴ്സിന് കാര്യങ്ങള്‍ പ്രയാസകരമായി മാറി. 38 റൺസ് കൂട്ടുകെട്ടിനെയും ഹസരംഗ തകര്‍ക്കുകയായിരുന്നു.

19 റൺസ് നേടിയ പൂരനെ ആണ് താരം വീഴ്ത്തിയത്. തന്റെ അടുത്ത ഓവറിൽ സുചിത്തിനെ പുറത്താക്കി ഹസരംഗ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. 58 റൺസ് നേടിയ ത്രിപാഠിയെ ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഹസരംഗ രണ്ട് വിക്കറ്റ് കൂടി നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി താരം സ്പെൽ അവസാനിപ്പിക്കുകയായിരുന്നു. 18 റൺസാണ് താരം വഴങ്ങിയത്.

Exit mobile version