ചിന്നസാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 7 റൺസ് ആർ സി ബി പരാജയപ്പെടുത്തി. അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശകരമായ മത്സരത്തിൽ 182/6 റൺസ് മാത്രമെ രാജസ്ഥാന് എടുക്കാൻ ആയുള്ളൂ. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായി രണ്ടാം പരാജയമാണിത്.
ആർ സി ബി ഉയർത്തിയ 190 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ബട്ലറിനെ നഷ്ടമായി. റൺസ് എടുക്കാതെ സിറാജിന്റെ പന്തിൽ ആണ് ബട്ലർ പുറത്തായത്. അതിനു ശേഷം ജൈസ്വാളും പടിക്കലും ഇന്നിംഗ്സ് പടുത്തു. ഇതുവരെ ഫോം കണ്ടെത്താൻ വിഷമിക്കുകയായിരുന്ന പടിക്കൽ ഇന്ന് നന്നായി ബാറ്റു ചെയ്തു. 34 പന്തിൽ നിന്ന് 52 റൺ എടുത്താണ് അദ്ദേഹം പുറത്തായത്. പിന്നാലെ 47 റൺസ് എടുത്ത ജൈസാളും കളം വിട്ടു.
പിന്നെ കാര്യങ്ങൾ സഞ്ജു സാംസന്റെയും ഹെറ്റ്മയറുടെയും കയ്യിൽ ആയിരുന്നു. ഇരുവരും ചേരുമ്പോൾ 6 ഓവറിൽ 82 വേണമായിരുന്നു രാജസ്ഥാന് വിജയിക്കാൻ. 16ആം ഓവറിൽ 22 റൺസ് എടുത്ത് നിൽക്കെ സഞ്ജു സാംസൺ കളം വിട്ടു. ഹർഷൽ പട്ടേൽ ആണ് സഞ്ജുവിന്റെ വിക്കറ്റ് നേടിയത്.
അവസാന മൂന്ന് ഓവറിൽ 45 എന്ന നിലയിലേക്ക് രാജസ്ഥാൻ എത്തി. ദ്രുവ് ജുറലിന്റെ ബൗണ്ടറികൾ രാജസ്ഥാന് പ്രതീക്ഷ നൽകി. പക്ഷെ 18ആം ഓവറിക്ലൽ ഹെറ്റ്മയർ റണ്ണ് ഔട്ട് ആയി. ഹെറ്റ്മയറിന് ഇന്ന് 9 പന്തിൽ നിന്ന് 3 റൺസ് എടുക്കാനെ ആയുള്ളൂ. അവസാന 2 ഓവറിൽ രാജസ്ഥാന് വേണ്ടത് 33 റൺസ്. സിറാജിന്റെ ഓവറിൽ 13 റൺസ് വന്നു. അവസാന ഓവറിൽ ജയിക്കാൻ 20 റൺസ്.
ഹർഷലിന്റെ ആദ്യ പന്തിൽ അശ്വിൻ ബൗണ്ടറി നേടി. രണ്ടാം പന്തിൽ രണ്ട് റൺസ്. ജയിക്കാൻ 4 പന്തിൽ 14. മൂന്നാം പന്തിൽ അശ്വിന്റെ മറ്റൊരു 4. 3 പന്തിൽ 10 എന്ന നിലയിൽ. നാലാം പന്തിൽ അശ്വിൻ കൂറ്റനടിക്ക് ശ്രമിച്ച് പുറത്ത്. ഇതോടെ രാജസ്ഥാൻ പരാജയം സമ്മതിക്കുക ആയിരുന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് ആണ് ആർ സി ബി എടുത്തത്. ആർ സി ബിക്കു വേണ്ടി ഇന്ന് മാക്സ്‌വെലും ഫാഫ് ഡു പ്ലസസിസും അർധ സെഞ്ച്വറികൾ നേടി. അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ചത് കൊണ്ടാണ് ആർ സി ബി ഒരു കൂറ്റൻ സ്കോറിൽ എത്താതിരുന്നത്.
ഇന്ന് ചിന്നസാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനാണ് മികച്ച തുടക്കം ലഭിച്ചത്. ഒന്നാം പന്തിൽ തന്നെ കോഹ്ലിയെ ബൗൾട്ട് പുറത്താക്കി. ബൗൾട്ടിന്റെ രണ്ടാം ഓവറിൽ 2 റൺസ് എടുത്ത ഷഹബാസ് അഹമ്മദും പുറത്ത്. ആർ സി ബി 12-2 എന്ന നിലയിലായി. പക്ഷെ അവിടെ നിന്ന് ആർ സി ബിക്കായി മാക്സ്വെലും ഫാഫ് ഡു പ്ലസിയും ഒത്തുചേർന്ന് ഒരു വെടിക്കെട്ട് പ്രകടനം തന്നെ നടത്തി. 127 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും ചേർന്ന് പടുത്തു. 14ആം ഓവറിൽ ഡു പ്ലസിസിനെ ജൈസാൾ റണ്ണൗട്ട് ആക്കുമ്പോൾ ആർ സി ബിക്ക് 139 റൺസ് ഉണ്ടായിരുന്നു.
ഡു പ്ലസിസ് 39 പന്തിൽ നിന്ന് 62 എടുത്തു. 2 സിക്സും 8 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അപ്പോഴും മറുവശത്ത് മാക്സ്വെൽ അടി തുടരുന്നുണ്ടായിരുന്നു. അശ്വിന്റെ പന്തിൽ ഹോൾദറിന് ക്യാച്ച് നൽകിയാണ് മാക്സ്വെൽ പുറത്തായത്. 44 പന്തിൽ നിന്ന് 77 റൺസ് ഓസ്ട്രേലിയ താരം എടുത്തു. 4 സിക്സും ആറ് ഫോറും മാക്സ്വെലിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
ഇതിനു ശേഷം ആർ സി ബിയുടെ വേഗത കുറഞ്ഞു. ലോംറോർ 8 റൺസ് എടുത്ത് ചാഹലിന്റെ പന്തിൽ പുറത്തായി. പിന്നാലെ പ്രഭുദേശായി റൺ ഒന്നും എടുക്കാതെ റണ്ണൗട്ട് ആവുകയും ചെയ്തു. അവസാന ഓവറിൽ 6 റൺ എടുത്ത ഹസരംഗയും റണ്ണൗട്ട് ആയി. 16 റൺ എടുത്ത കാർത്തികും പിന്നാലെ റൺ എടുക്കാതെ വൈശാഖും കൂറ്റനടിക്ക് ശ്രമിക്കവെ പുറത്തായി.