പടിക്കലിന്റെ മിന്നും അര്‍ദ്ധ ശതകത്തിന് ശേഷം ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജസ്പ്രീത് ബുംറ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദേവ്ദത്ത് പടിക്കലിനും ജോഷ് ഫിലിപ്പേയ്ക്കും ഒഴികെ മറ്റു താരങ്ങള്‍ക്കാര്‍ക്കും റണ്‍സ് കണ്ടെത്തുവാനാകാതെ പോയപ്പോള്‍ മികച്ച തുടക്കത്തിന് ശേഷം 164 റണ്‍സില്‍ ഒതുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുമെന്ന് തോന്നിപ്പിച്ച ആര്‍സിബി ഇന്നിംഗ്സിന് പത്തോവറിന് ശേഷം താളം തെറ്റുന്നതാണ് കണ്ടത്. ജസ്പ്രീത് ബുംറയുടെ മികച്ച സ്പെല്ലും ബാംഗ്ലൂരിന് കാര്യങ്ങള്‍ പ്രയാസകരമാക്കി.

പത്തോവറില്‍ 88 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയ ആര്‍സിബിയ്ക്ക് ആ മികവ് അടുത്ത പത്തോവറില്‍ തുടരുവാനായില്ല. 5 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് ടീം അടുത്ത പത്തോവറില്‍ നിന്ന് നേടിയത്. ജസ്പ്രീത് ബുംറ തന്റെ നാലോവറില്‍ 14 റണ്‍സ് വിട്ട് നല്‍കി 3 വിക്കറ്റ് നേടിയപ്പോള്‍ എബിഡിയുടെ നിര്‍ണ്ണായകമായ വിക്കറ്റ് നേടിയത് കൈറണ്‍ പൊള്ളാര്‍ഡ് ആണ്. ചഹാറും ട്രെന്റ് ബോള്‍ട്ടും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Jaspritbumrah

ഓപ്പണര്‍മാരായ ജോഷ് ഫിലിപ്പേയും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ 54 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും ചേര്‍ന്ന് നേടിയത്. ആര്‍സിബി ഓപ്പണര്‍മാര്‍ തങ്ങളുടെ മികവ് തുടര്‍ന്നപ്പോള്‍ എട്ടാം ഓവറിലാണ് ബാംഗ്ലൂരിന് ആദ്യ തിരിച്ചടിയേറ്റത്.

33 റണ്‍സ് നേടിയ ഫിലിപ്പേയെ ചഹാറിന്റെ ഓവറില്‍ ക്വിന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്യുമ്പോള്‍ 71 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് വിരാമമായി. ഫിലിപ്പേ പുറത്തായെങ്കിലും ദേവ്ദത്ത് 30 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ടൂര്‍ണ്ണമെന്റിലെ നാലാം അര്‍ദ്ധ ശതകമാണ് താരം നേടിയത്.

ജസ്പ്രീത് ബുംറയെ വീണ്ടും ബൗളിംഗിലേക്ക് കൊണ്ടു വന്നപ്പോള്‍ കോഹ്‍ലിയുടെ ക്രീസിലെ സമയം അവസാനിക്കുകയായിരുന്നു. 9 റണ്‍സാണ് കോഹ്‍ലി നേടിയത്. മികച്ച ഫോമിലാണെന്ന് തോന്നിപ്പിച്ച എബി ഡി വില്ലിയേഴ്സിനെ കൈറണ്‍ പൊള്ളാര്‍ഡ് മടക്കിയപ്പോള്‍ 15.2 ഓവറില്‍ 131/3 എന്ന നിലയിലേക്ക് ആര്‍സിബി വീണു. 15 റണ്‍സാണ് എബിഡിയുടെ സംഭാവന.

ശിവം ഡുബേയെയും ദേവ്ദത്ത് പടിക്കലിനെയും ഒരേ ഓവറില്‍ പുറത്താക്കി ജസ്പ്രീത് ബുംറ ആര്‍സിബിയുടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയായിരുന്നു. 45 പന്തില്‍ നിന്ന് 74 റണ്‍സാണ് പടിക്കല്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ ക്രിസ് മോറിസും പുറത്തായതോടെ 131/2 എന്ന നിലയില്‍ നിന്ന് 138/6 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ തകര്‍ന്ന് വീഴുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ 26 റണ്‍സ് നേടി ഗുര്‍കീരത്ത് സിംഗ് മന്‍ – വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ടാണ് ടീമിനെ 164/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗുര്‍കീരത്ത് 14 റണ്‍സും വാഷിംഗ്ടണ്‍ സുന്ദര്‍ 10 റണ്‍സും നേടി.