റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസിന് പൊരുതാവുന്ന സ്കോർ. രാജസ്ഥാൻ റോയൽസ് 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. മുൻ നിര ബാറ്റസ്മാൻമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയപ്പോൾ മികച്ച പ്രകടനം പുറത്തെടുത്ത മഹിപാല്‍ ലോംറോർ ആണ് രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 27/0 എന്ന നിലയില്‍ നിന്ന് 31/3 എന്ന നിലയിലേക്ക് രാജസ്ഥാൻ റോയൽസ് തകരുകയായിരുന്നു. സഞ്ജു സാംസൺ 4 റൺസ് എടുത്തും സ്റ്റീവ് സ്മിത്ത് 5 റൺസ് എടുത്തും ബട്ലർ 22 റൺസുമെടുത്താണ് പുറത്തായത്. തുടർന്ന് മഹിപാല്‍ ലോംറോറും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് രാജസ്ഥാനെ പത്തോവറില്‍ 70/3 എന്ന നിലയിലേക്ക് എത്തിച്ചെങ്കിലും ചഹാല്‍ വീണ്ടും ബൗളിംഗിലേക്ക് എത്തിയതോടെ ഉത്തപ്പയുടെ ഇന്നിംഗ്സിന് അവസാനമായി. 22 പന്തില്‍ നിന്ന് 17 റണ്‍സാണ് ഉത്തപ്പ നേടിയത്.
ഉത്തപ്പ പുറത്തായതോടെ ബാറ്റിങ്ങിന് ഇറങ്ങിയ റിയാൻ പരാഗിനെ കൂട്ടുപിടിച്ചാണ് മഹിപാല്‍ ലോംറോർ രാജസ്ഥാൻ സ്കോർ 100 കടത്തിയത്. പരാഗ് 18 പന്തിൽ 16 റൺസ് വഴങ്ങി ഉദാനക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. അധികം താമസിയാതെ തന്നെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ലോംറോറിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായി. 39 പന്തിൽ 47 റൺസാണ് മഹിപാല്‍ ലോംറോർ എടുത്തത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനത്തോടെ 24 റൺസ് എടുത്ത രാഹുൽ തെവാത്തിയയും 16 റൺസ് എടുത്ത ആർച്ചറൂമാണ് രാജസ്ഥാൻ സ്കോർ 154ൽ എത്തിച്ചത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ചഹാൽ 4 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. കൂടാതെ ഉദാന 2 വിക്കറ്റും നവദീപ് സെയ്നി ഒരു വിക്കറ്റും വീഴ്ത്തി.