നിർണ്ണായകമായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാൻ 155 റൺസ്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. രാജസ്ഥാൻ റോയൽസിന് വേണ്ടി ശ്രദ്ധയോടെ ബാറ്റ് ചെയ്ത ബെൻ സ്റ്റോക്‌സും റോബിൻ ഉത്തപ്പയും ചേർന്ന് ആദ്യ വിക്കറ്റിൽ 30 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്ന് 13 പന്തിൽ 19 റൺസ് എടുത്ത ഉത്തപ്പ റൺ ഔട്ട് ആയെങ്കിലും സഞ്ജു സാംസണെ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്സ് രാജസ്ഥാൻ സ്കോർ ഉയർത്തി.
ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 56 റൺസാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി കൂട്ടിച്ചേർത്തത്. എന്നാൽ അടുത്തടുത്ത ഓവറുകളിൽ രാജസ്ഥാൻ റോയൽസിന് സഞ്ജു സാംസന്റെയും ബെൻ സ്റ്റോക്സിന്റെയും വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. ബെൻ സ്റ്റോക്സ് 30 റൺസും സഞ്ജു സാംസൺ 36 റൺസുമെടുത്താണ് പുറത്തായത്. തുടർന്ന് ജോസ് ബട്ലറും പെട്ടെന്ന് പുറത്തായതോടെ രാജസ്ഥാൻ റോയൽസ് പ്രതിസന്ധിയിൽ ആയെങ്കിലും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും യുവതാരം റിയാൻ പരാഗും ചേർന്ന് അവസാന ഓവറുകളിൽ രാജസ്ഥാൻ സ്കോർ ഉയർത്തി. സ്മിത്ത് 19 റൺസും പരാഗ് 20 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ 7 പന്തിൽ 16 റൺസ് എടുത്ത ജോഫ്ര ആർച്ചറും രാജസ്ഥാൻ സ്കോർ 150 കടത്തി.