മുംബൈ ഇന്ത്യന്‍സിനെതിരെ 158 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. ബാറ്റിംഗിന് ദുഷ്കരമെന്ന തോന്നിപ്പിച്ച പിച്ചിൽ ജോസ് ബട്‍ലര്‍ നേടിയ 67 റൺസാണ് ടീമിന് തുണയായത്. മികച്ച ഫോമിലുള്ള ജോസ് ബട്‍ലര്‍ വരെ സ്വതസിദ്ധമായ ശൈലിയിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയിലെ ഈ പിച്ചിൽ കണ്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ഇറങ്ങി അതിവേഗത്തിൽ 21 റൺസ് നേടിയ അശ്വിനാണ് ടീം സ്കോര്‍ 150 കടത്തിയത്.
ദേവ്ദത്ത് പടിക്കലിനെ നഷ്ടമാകുമ്പോള്‍ 26 റൺസാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 7 പന്തിൽ 16 റൺസ് നേടിയ താരം തന്റെ വിക്കറ്റ് പതിവ് പോലെ വലിച്ചെറിയുന്ന കാഴ്ചയാണ് കണ്ടത്. അരങ്ങേറ്റക്കാരന്‍ കുമാര്‍ കാര്‍ത്തികേയ ആണ് സഞ്ജുവിനെ പുറത്താക്കിയത്.
പിന്നീട് ഡാരിൽ മിച്ചലും ജോസ് ബട്‍ലറും മധ്യ ഓവറുകളിൽ ഏറെ നേരം ബൗണ്ടറി കണ്ടെത്തുവാന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് 37 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ 17 റൺസ് നേടിയ മിച്ചൽ മടങ്ങുകയായിരുന്നു.
16ാം ഓവര്‍ എറിഞ്ഞ ഹൃത്തിക് ഷൗക്കീനെ ആദ്യ നാല് പന്തിൽ സിക്സര്‍ പറത്തിയാണ് തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുവാന്‍ ജോസ് ബട്‍ലര്‍ക്ക് സാധിച്ചത്. ആ ഓവറിന് മുമ്പ് വരെ 15 ഓവര്‍ ക്രീസിൽ നിന്നുവെങ്കിലും ഒരു സിക്സ് പോലും താരം നേടിയിരുന്നില്ല. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ താരം പുറത്തായത് രാജസ്ഥാന്റെ സ്കോറിനെ ബാധിച്ചു.
9 പന്തിൽ 21 റൺസ് നേടിയ അശ്വിനാണ് രാജസ്ഥാന്റെ സ്കോര്‍ 150 കടത്തുവാന്‍ സഹായിച്ചത്. താരം അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുകയായിരുന്നു. അശ്വിന്‍ പുറത്തായ ശേഷം റൈലി മെറിഡിത്ത് എറിഞ്ഞ ആ ഓവറിൽ നിന്ന് ഷിമ്രൺ ഹെറ്റ്മ്യറിനും കാര്യമായ സ്കോര്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് വെറും 3 റൺസ്. 14 പന്ത് നേരിട്ട ഹെറ്റ്മ്യര്‍ 6 റൺസാണ് നേടിയത്.
മുംബൈയ്ക്കായി റൈലി മെറിഡിത്തും ഹൃത്തിക് ഷൗക്കീനും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ 19 റൺസ് മാത്രം വിട്ട് നൽകി 1 വിക്കറ്റ് നേടിയ കുമാര്‍ കാര്‍ത്തികേയ ശ്രദ്ധേയമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തു.