സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഇന്ത്യന്‍സിന്റെ വക മോശം ബാറ്റിംഗ് പ്രകടനം. 26 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിലാണ് മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ നിന്ന് 136/7 എന്ന സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 2 ഫോറും 4 സിക്സും സഹിതമായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്.
നാലാം ഓവറില്‍ ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മ പുറത്താകുന്നത് വരെ മെല്ലെയെങ്കിലും മുന്നോട്ട് പോകുകയായിരുന്ന മുംബൈയ്ക്ക് പിന്നീട് താളം തെറ്റുന്നതാണ് കണ്ടത്. റണ്‍സ് വിട്ട് നല്‍കാതെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും മുംബൈയ്ക്ക് മേല്‍ സമ്മര്‍ദ്ദം സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ സൃഷ്ടിക്കുകയായിരുന്നു.
അവസാന ഓവറുകളില്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിലാണ് നൂറ് റണ്‍സ് കടക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചത്. സിദ്ധാര്‍ത്ഥ് കൗള്‍ എറിഞ്ഞ 19ാം ഓവറില്‍ മൂന്ന് സിക്സുകള്‍ നേടി പൊള്ളാര്‍ഡ് 20 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. 20ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറിന്റെ ഓവറിലും രണ്ട് ബൗണ്ടറിയും ഒരു സിക്സും നേടി 19 റണ്‍സ് ഓവറില്‍ നിന്ന് പൊള്ളാര്‍ഡ് അടിച്ചെടുത്തു. അതേ സമയം മോശം ഫീല്‍ഡിംഗാണ് സണ്‍റൈസേഴ്സിനു വിനയായത്.
അവസാന രണ്ടോവറില്‍ നിന്ന് മാത്രം മുംബൈ 39 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്സിനു വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടി.