ഐപിഎല്‍ ഫൈനലില്‍ മികച്ച തുടക്കം ക്വിന്റണ്‍ ഡി കോക്ക് നല്‍കിയെങ്കിലും താരം പുറത്തായ ശേഷം വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മുംബൈ ഇന്ത്യന്‍സിനു തുണയായി കീറണ്‍ പൊള്ളാര്‍ഡിന്റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട്. 101/5 എന്ന നിലയില്‍ നിന്ന് 20 ഓവറുകള്‍ അവസാനിക്കുമ്പോള്‍ നിര്‍ണ്ണായകമായ 39 റണ്‍സാണ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയത്. ഇവരുടെ കൂട്ടുകെട്ടിന്റെ ബലത്തില്‍ മുംബൈ 149 റണ്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 4.5 ഓവറില്‍ 45 റണ്‍സ് നേടിയ ഡി കോക്ക്-രോഹിത് ശര്‍മ്മ കൂട്ടുകെട്ട് മത്സരം ചെന്നൈയില്‍ നിന്ന് തട്ടിയെടുക്കുമെന്നാണ് തോന്നിപ്പിച്ചത്. ദീപക് ചഹാറിന്റെ ഒരോവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ നേടി ഡി കോക്ക് അപകടകാരിയായി മാറുന്നതിനിടെയാണ് ശര്‍ദ്ധുല്‍ താക്കൂര്‍ താരത്തെ ധോണിയുടെ കൈകളില്‍ എത്തിച്ചത്. 17 പന്തില്‍ നിന്ന് 29 റണ്‍സ് നേടിയ ഡി കോക്ക് 4 സിക്സ് നേടിയിരുന്നു.
മൂന്ന് പന്തുകള്‍ക്ക് ശേഷം രോഹിത് ശര്‍മ്മയെ(15) മുംബൈയ്ക്ക് നഷ്ടമാകുമ്പോള്‍ സ്കോര്‍ 45 റണ്‍സ് തന്നെയായിരുന്നു. 45/0 എന്ന നിലയില്‍ നിന്ന് 45/2 എന്ന നിലയിലേക്ക് മുംബൈ വീഴുകയായിരുന്നു. ദീപക് ചഹാറിനാണ് രോഹിത്തിന്റെ വിക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ്-ഇഷാന് കിഷന് കൂട്ടുകെട്ട് ചെറുത്ത്നില്പുയര്‍ത്തിയെങ്കിലും താഹിര്‍ രംഗ പ്രവേശനം നടത്തിയതോടെ 37 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ ചെന്നൈ തകര്‍ത്തു. 15 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെയാണ് ടീമിനു നഷ്ടമായത്.
പിന്നീടെത്തിയ ക്രുണാല്‍ പാണ്ഡ്യയെ മികച്ച ക്യാച്ചിലൂടെ സ്വന്തം ബൗളിംഗില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ പുറത്താക്കിയപ്പോള്‍ മുംബൈ 89/4 എന്ന നിലയിലായിരുന്നു. അധികം വൈകാതെ 23 റണ്‍സ് നേടിയ ഇഷാന് കിഷനെ പുറത്താക്കി ഇമ്രാന് താഹിര്‍ ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി.
തുടര്‍ന്ന് ആറാം വിക്കറ്റില്‍ പൊള്ളാര്‍ഡ്-ഹാര്‍ദ്ദിക് കൂട്ടുകെട്ടാണ് മുംബൈയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ദീപക് ചഹാര്‍ എത്തി കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ 39 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ചഹാര്‍ 19ാം ഓവറില്‍ ഹാര്‍ദ്ദികിനെയും(16) രാഹുല്‍ ചഹാറിനെയും പുറത്താക്കി തന്റെ മത്സരത്തിലെ വിക്കറ്റ് നേട്ടം 3 ആക്കി മാറ്റി.
25 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ കീറണ്‍ പൊള്ളാര്‍ഡിന്റെ പ്രകടനമാണ് മത്സരത്തില്‍ മുംബൈയ്ക്ക് പൊരുതാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.