സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ വലുതല്ല ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്നതെന്ന് ബംഗ്ളദേശ് താരം മുഷിഫിഖുർ റഹിം. അത് കൊണ്ട് ഐ.പി.എൽ കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയില്ലെന്നും താരം പറഞ്ഞു.
എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണെന്നും ലോകത്തുള്ള മികച്ച താരങ്ങൾ മുഴുവൻ ഐ.പി.എൽ കളിയ്ക്കാൻ ഉണ്ടെന്നും ബംഗ്ലാദേശ് താരം പറഞ്ഞു. തനിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും താൻ കളിക്കുമെന്നും അത് തന്റെ കളിയുടെ നിലവാരം ഉയർത്തുമെന്നും മുഷിഫിഖുർ റഹിം പറഞ്ഞു.
2016 ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റത് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നിരാശ സമ്മാനിച്ച മത്സരമാണെന്നും മുഷിഫിഖുർ റഹീം പറഞ്ഞു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന മൂന്ന് പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ബംഗ്ലാദേശ് ഒരു റണ്ണിന് മത്സരം തോറ്റിരുന്നു. 2018ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മത്സരം തോറ്റതും തനിക്ക് നിരാശ സമ്മാനിച്ചുവെന്ന് മുഷിഫിഖുർ റഹിം പറഞ്ഞു.