ഐപിഎലില്‍ കഴിഞ്ഞ വര്‍ഷം 17 ഇന്നിംഗ്സില്‍ നിന്ന് 735 റണ്‍സ് നേടിയ കെയിന്‍ വില്യംസണ് ഈ സീസണില്‍ പലപ്പോഴും ടീമില്‍ തന്നെ സ്ഥാനം ലഭിച്ചിരുന്നില്ല. പരിക്കാണ് കാരണമായി പറഞ്ഞതെങ്കിലും ടോപ്പ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും തകര്‍ത്തടിച്ചതും റഷീദ് ഖാന് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായതിനുമൊപ്പം മുഹമ്മദ് നബിയ്ക്ക് ലഭിച്ച അവസരങ്ങള്‍ താരം വേണ്ട വിധത്തില്‍ മുതലാക്കുകയും ചെയ്തപ്പോള്‍ കുറേയെറേ മത്സരങ്ങളില്‍ കെയിന്‍ വില്യംസണ് പുറത്തിരിക്കേണ്ടി വന്നു.
മികച്ച പ്രകടനം പുറത്തെടുത്ത നബിയെ പുറത്തിരുത്തി വില്യംസണ് അവസരം നല്കിയപ്പോളും താരത്തിനു തന്റെ കഴിഞ്ഞ സീസണിലെ പ്രകടനം ആവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ബൈര്‍സ്റ്റോയും വാര്‍ണറും മടങ്ങിയതോടെ ബാറ്റിംഗ് യൂണിറ്റും സമ്മര്‍ദ്ദത്തിലായപ്പോള്‍ വില്യംസണും വലിയ പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
സീസണില്‍ 9 ഇന്നിംഗ്സുകളില്‍ നിന്ന് 156 റണ്‍സാണ് ഈ വര്‍ഷം വില്യംസണ് നേടിയത്. സീസണ് തുടക്കത്തില്‍ ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ കാരണം പുറത്തിരുന്ന ശേഷം തിരികെ വന്നപ്പോളും അധികം അവസരം താരത്തിനു ലഭിച്ചില്ല. വെറും 130 പന്തുകളാണ് താരം ഈ സീസണില്‍ നേരിട്ടത്. ഓപ്പണര്‍മാരുടെ മികച്ച ഫോം പല സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്ക്കും ആവശ്യത്തിനു സമയം ക്രീസില്‍ ചിലവഴിക്കുവാന്‍ നല്‍കിയിരുന്നില്ല. അതേ സമയം അവസരം വന്നപ്പോള്‍ ബാറ്റിംഗ് നിര തകരുകയും ചെയ്തു.
വ്യക്തിപരമായി തനിക്ക് മോശം സീസണായിരുന്നുവെന്നാണ് കെയിന്‍ വില്യംസണ് പറയുന്നത്. അത് തന്റെ ഫോമില്ലായ്മ കൊണ്ട് മാത്രമല്ല ടീമില്‍ ഓപ്പണര്‍മാര്‍ അടിച്ച് തകര്‍ക്കുമ്പോള്‍ വരുത്തേണ്ടി വരുന്ന അഡ്ജെസ്റ്റുമെന്റുകള്‍ കാരണം കൂടിയാണെന്നാണ് വില്യംസണ് പറയുന്നത്. ഇത് ഈ കളിയുടെ സ്വഭാവമാണെന്നും അതിനനുസരിച്ച് തങ്ങള്‍ മെച്ചപ്പെടുകയാണ് ചെയ്യേണ്ടതെന്നും വില്യംസണ് കൂട്ടിചേര്‍ത്തു.