ഐപിഎലില്‍ അതിശക്തരായ സൺറൈസേഴ്സ് ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ 207 റൺസ് വിജയ ലക്ഷ്യം നൽകി ആര്‍സിബി. രജത് പടിദാറും കാമറൺ ഗ്രീനും അടിച്ച് തകര്‍ത്ത് ടീമിനെ 200ന് മേലെയുള്ള സ്കോറിലേക്ക് എത്തിച്ചപ്പോള്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും കോഹ്‍ലിയുടെ ഇന്നിംഗ്സ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിക്കുന്ന ഒന്നായി മാറി.
വെടിക്കെട്ട് തുടക്കമാണ് ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ആര്‍സിബിയ്ക്ക് നൽകിയത്. ഫാഫ് 12 പന്തിൽ 25 റൺസ് നേടി പുറത്താകുമ്പോള്‍ 3.5 ഓവറിൽ 48 റൺസായിരുന്നു ആര്‍സിബി നേടിയത്. വിൽ ജാക്സിനെ ഏഴാം ഓവറിൽ നഷ്ടമാകുമ്പോള്‍ ബെംഗളൂരുവിന്റെ സ്കോര്‍ ബോര്‍ഡിൽ 65 റൺസായിരുന്നു.
മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ കോഹ്‍ലി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അതേ സമയം മറുവശത്ത് രജത് പടിദാര്‍ 20 പന്തിൽ 50 റൺസ് നേടി പുറത്തായി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് പുറത്താകുമ്പോള്‍ 43 പന്തിൽ 51 റൺസായിരുന്നു താരം നേടിയത്. 161/5 എന്ന നിലയിൽ നിന്ന് കാമറൺ ഗ്രീനിന്റെ ബാറ്റിംഗ് മികവ് ആണ് ആര്‍സിബിയെ 200 കടത്തിയത്.
ഗ്രീന്‍ 20 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സ്വപ്നിൽ സിംഗ് 6 പന്തിൽ 12 റൺസും ദിനേശ് കാര്‍ത്തിക് 6 പന്തിൽ 11 റൺസും നേടി.