രാജസ്ഥാന് റോയൽസ് ഇത്രയും വര്‍ഷം തന്നിൽ അര്‍പ്പിച്ച വിശ്വാസം കാത്ത് റിയാന്‍ പരാഗ്. ഇന്ന് ഡൽഹിയ്ക്കതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീമിനെ 185/5 എന്ന പൊരുതാവുന്ന സ്കോറിലേക്ക് റിയാന്‍ പരാഗ് എത്തിച്ചപ്പോള്‍ ഒപ്പം രവിചന്ദ്രന്‍ അശ്വിനും ധ്രുവ് ജുറെലും നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഒരു ഘട്ടത്തിൽ 36/3 എന്ന നിലയിൽ പരുങ്ങലിലായിരുന്ന രാജസ്ഥാന്‍ 185റൺസാണ് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ നേടിയത്.
പതിഞ്ഞ തുടക്കമായിരുന്നു രാജസ്ഥാന്റേത്. യശസ്വി ജൈസ്വാളിനെ മുകേഷ് കുമാര്‍ പുറത്താക്കിയപ്പോള്‍ താരത്തിന്റെ അടുത്ത ഓവറിൽ മൂന്ന് ബൗണ്ടറി നേടി സഞ്ജുവാണ് സ്കോറിംഗ് വേഗത വര്‍ദ്ധിപ്പിച്ചത്. എന്നാൽ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സഞ്ജുവിനെയും രാജസ്ഥാന് നഷ്ടമായി. 14 പന്തിൽ 15 റൺസായിരുന്നു സഞ്ജു നേടിയത്. ഖലീൽ അഹമ്മദിനായിരുന്നു വിക്കറ്റ്. 6 ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 31/2 എന് നിലയിലായിരുന്നു.
പവര്‍പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ രംഗത്തെത്തിയപ്പോള്‍ റൺസ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ പ്രയാസപ്പെട്ടു. കുൽദീപ് യാദവ് ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ രാജസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി. പിന്നീട് രവിചന്ദ്രന്‍ അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് കരുലോടെ രാജസ്ഥാനെ മുന്നോട്ട് നയിച്ചു. അശ്വിന്‍ കുൽദീപിനെ ഒരു സിക്സും നോര്‍ക്കിയയെ രണ്ട് സിക്സും പറത്തിയപ്പോള്‍ റിയാന്‍ പരാഗ് കുൽദീപിനെതിരെ സിക്സര്‍ നേടി.
ഈ കൂട്ടുകെട്ട് 54 റൺസുമായി മുന്നോട്ട് പോകുമ്പോള്‍ അശ്വിനെ അക്സര്‍ പുറത്താക്കി. 19 പന്തിൽ 29 റൺസായിരുന്നു അശ്വിന്‍ നേടിയത്. 15ാം ഓവറിൽ ഖലീൽ അഹമ്മദിനെ തുടരെയുള്ള പന്തിൽ ഒരു സിക്സും രണ്ട് ഫോറും നേടി റിയാന്‍ പരാഗ് രാജസ്ഥാന്‍ ക്യാമ്പിൽ ആവേശം കൊണ്ടു വന്നു. ഈ ഓവറിൽ തന്നെ രാജസ്ഥാന്റെ സ്കോര്‍ നൂറ് കടന്നു. ഇന്നിംഗ്സ് അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ രാജസ്ഥാന്‍ 108/4 എന്ന നിലയിലായിരുന്നു.
മുകേഷ് കുമാറിനെ പതിനാറാം ഓവറിൽ ഒരു ബൗണ്ടറിയും അവസാന പന്തിൽ സിക്സും നേടി റിയാന്‍ പരാഗ് 34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. കുൽദീപിന്റെ 17ാം ഓവറിൽ ജുറെൽ ഒരു ബൗണ്ടറി നേടിയപ്പോള്‍ അവസാന പന്തിൽ സിക്സര്‍ പറത്തി റിയാന്‍ പരാഗ് ഓവറിലെ റൺസ് 15 ആക്കി. അടുത്ത ഓവറിൽ നോര്‍ക്കിയയ്ക്കെതിരെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ 12 പന്തിൽ 20 റൺസ് നേടി ജുറെൽ മടങ്ങി.
ആറാം വിക്കറ്റിൽ പരാഗിനൊപ്പം ഹെറ്റ്മ്യറും വലിയ ഷോട്ടുകളുമായി രംഗത്തെത്തിയപ്പോള്‍ രാജസ്ഥാന്‍ മികച്ച സ്കോറിലേക്ക് നീങ്ങി. മുകേഷ് കുമാര്‍ എറിഞ്ഞ 19ാം ഓവറിലും 15 റൺസാണ് പിറന്നത്. അവസാന ഓവറിൽ ആന്‍റിക് നോര്‍ക്കിയയെ 25 റൺസിനാണ് പരാഗ് പായിച്ചത്.
മൂന്ന് ഫോറും രണ്ട് സിക്സും ഓവറിൽ നിന്ന് വന്നപ്പോള്‍ അവസാന പന്തിൽ താരം 1 റൺസ് നേടി. പരാഗ് 45 പന്തിൽ 84 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 7 പന്തിൽ 14 റൺസ് നേടി. ഈ കൂട്ടുകെട്ട് 16 പന്തിൽ 43 റൺസാണ് നേടിയത്. അവസാന അഞ്ചോവറിൽ 77 റൺസാണ് രാജസ്ഥാന്‍ റോയൽസ് നേടിയത്.