മുംബൈ ഇന്ത്യന്‍സ് ഒരു വിദേശ സ്പിന്നറെ സ്വന്തമാക്കണം – അനിൽ കുംബ്ലെ

Sports Correspondent

അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നിരയിൽ ഒരു മുന്‍ നിര സ്പിന്നര്‍ ഇല്ലെന്നും അവര്‍ വരുന്ന ഐപിഎൽ ലേലത്തിൽ അതിനായി ശ്രമിക്കണമെന്നും പറഞ്ഞ് സ്പിന്‍ ഇതിഹാസം അനിൽ കുംബ്ലെ.

കഴിഞ്ഞ സീസണിൽ ടീമിനായി മികവ് പുലര്‍ത്തിയ കുമാര്‍ കാര്‍ത്തികേയയെ പുകഴ്ത്തുവാന്‍ താരം മറന്നില്ലെങ്കിലും ഒരു വിദേശ സ്പിന്നറെ ഫ്രാഞ്ചൈസി ലക്ഷ്യം വയ്ക്കണമെന്ന് കുംബ്ലെ പറഞ്ഞു. ആദിൽ റഷീദ്, ആഡം സംപ, തബ്രൈസ് ഷംസി എന്നിവരിൽ ആരെയെങ്കിലും ഫ്രാഞ്ചൈസി ലേലത്തിൽ സ്വന്തമാക്കുവാന്‍ ശ്രമിക്കണമെന്ന് അനിൽ കുംബ്ലെ പറഞ്ഞു.

അതേ സമയം പരിചയസമ്പത്തുള്ള ഇന്ത്യന്‍ സ്പിന്നര്‍മാരെ നേടണമെങ്കിൽ ഫ്രാഞ്ചൈസി അമിത് മിശ്ര, പിയൂഷ് ചൗള എന്നിവരിലേക്ക് പോകണമെന്നും അതുണ്ടാകുവാന്‍ സാധ്യതയില്ലെന്നും കുംബ്ലെ കൂട്ടിചേര്‍ത്തു.