ഫൈനലില്‍ തിളങ്ങുന്ന ഷെയിന്‍ വാട്സണ് തന്റെ പതിവ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആവേശകരമായ ജയവും നാലാം ഐപിഎല്‍ കിരീടവും സ്വന്തമാക്കാമെന്ന ചെന്നൈയുടെ മോഹങ്ങളെ കെടുത്തി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 9 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ രണ്ട് പന്തില്‍ നിന്ന് സിംഗിളുകള്‍ മാത്രമാണ് നേടാനായതെങ്കിലും മൂന്നാം പന്തില്‍ ഷെയിന്‍ വാട്സണ് ഡബിള്‍ നേടിയതോടെ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി മാറി. എന്നാല്‍ അടുത്ത പന്തില്‍ ഷെയിന്‍ വാട്സണ് ഒരു റണ്‍സ് നേടിയ ശേഷം റണ്‍ഔട്ടായി പുറത്തായതോടെ ലക്ഷ്യം രണ്ട് പന്തില്‍ നാലായി മാറി. ശര്‍ദ്ധുല്‍ താക്കൂര്‍ അടുത്ത പന്തില്‍ രണ്ട് റണ്‍സ് നേടിയതോടെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സായി. എന്നാല്‍ ശര്‍ദ്ധുല്‍ താക്കൂറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ലസിത് മലിംഗ് മുംബൈയ്ക്ക് അഞ്ചാം കിരീടം നേടിക്കൊടുക്കുകയായിരുന്നു.
150 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമേ നേടാനായുള്ളു. 59 പന്തില്‍ നിന്ന് 8 ബൗണ്ടറിയും 4 സിക്സും സഹിതം 80 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ് റണ്ണൗട്ടായതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. 26 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ജസ്പ്രീത് ബുംറയും രാഹുല്‍ ചഹാറും തന്റെ നാലോവറില്‍ വെറും 14 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്. ബുറ രണ്ടും ചഹാര്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ 49 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറില്‍ നിര്‍ണ്ണായകമായ വിക്കറ്റ് നേടിയ മലിംഗയും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
4 ഓവറില്‍ 33 റണ്‍സ് നേടിയ ചെന്നൈ ഓപ്പണര്‍മാരില്‍ കൂടുതല്‍ അപകടകാരിയായത് 13 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയാണെങ്കിലും ഡു പ്ലെസിയെ ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ മത്സരത്തിലെ ആദ്യ ബ്രേക്ക് ത്രൂ മുംബൈ നേടി. പിന്നെ ഒരു വശത്ത് വാട്സണ് ബാറ്റ് ചെയ്യുമ്പോളും മറുവശത്ത് വിക്കറ്റകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മുംബൈയ്ക്കായി.
82/4 എന്ന നിലയില്‍ നിന്ന് വാട്സണ്-ബ്രാവോ കൂട്ടുകെട്ടാണ് മത്സരത്തില്‍ വീണ്ടും ചെന്നെയും സാധ്യതകളെ നിലനിര്‍ത്തിയത്. 30 പന്തില്‍ 62 റണ്‍സ് എന്ന് ലക്ഷ്യം നേടേണ്ടിയിരുന്ന ചെന്നൈ മലിംഗ എറിഞ്ഞ 16ാം ഓവറില്‍ 20 റണ്‍സ് നേടുകയായിരുന്നു. ആദ്യ പന്തില്‍ ഡ്വെയിന്‍ ബ്രാവോ സിക്സ് നേടിയപ്പോള്‍ ഷെയിന്‍ വാട്സണ് മൂന്ന് ബൗണ്ടറി നേടി. ഇതോടെ 24 പന്തില്‍ 42 റണ്‍സായി ലക്ഷ്യം മാറി.
അടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ ഓവറില്‍ ഷെയിന്‍ വാട്സണ് നല്കിയ പ്രയാസമേറിയ അവസരം രാഹുല്‍ ചഹാര്‍ കൈവിട്ടതോടെ മുംബൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി മാറി. എന്നാല്‍ ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്. ഇതോടെ അവസാന മൂന്നോവറില്‍ ചെന്നൈ വിജയത്തിനായി 38 റണ്‍സ് നേടേണ്ട സ്ഥിതിയിലായി.
എന്നാല്‍ ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്സ് ഉള്‍പ്പെടെ 20 റണ്‍സ് ചെന്നൈ നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറില്‍ 18 റണ്‍സായി മാറി. ഷെയിന്‍ വാട്സണ് ആണ് മൂന്ന് സിക്സ് നേടി കളി മാറ്റിയത്.
ജസ്പ്രീത് ബുംറ വീണ്ടുമൊരു മാസ്മരിക ഓവര്‍ എറിഞ്ഞ് 19ാം ഓവറില്‍ 5 റണ്‍സ് മാത്രം വിട്ട് നല്കി ബ്രാവോയെ പുറത്താക്കിയെങ്കിലും ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് പന്ത് കൈവിട്ടപ്പോള്‍ നാല് ബൈ റണ്‍സ് കൂടി ലഭിച്ചതോടെ അവസാന ഓവറില്‍ ലക്ഷ്യം വെറും 9 റണ്‍സ് മാത്രമായിരുന്നു.
51 റണ്‍സാണ് ബ്രാവോയും വാട്സണും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ഇതില്‍ 15 റണ്‍സാണ് ബ്രാവോ നേടിയത്. തുടര്‍ന്നും വാട്സണ് ക്രീസില്‍ നിന്ന സമയത്ത് ചെന്നൈയ്ക്കായിരുന്നു വിജയ സാധ്യതയെങ്കിലും താരം പുറത്തായതോടെ ചെന്നൈയ്ക്ക് കാലിടറി ഒരു റണ്‍സ് തോല്‍വിയിലേക്ക് ടീം വീഴുകയായിരുന്നു.