ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയ യാത്രയ്ക്ക് തടസ്സം കുറിച്ച് മുംബൈ ഇന്ത്യന്‍സ്. ഇന്ന് വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്യുകയായിരുന്നു ചെന്നൈയ്ക്ക് വേണ്ടി കേധാര്‍ ജാഥവ് മാത്രം തിളങ്ങിയപ്പോള്‍ മുംബൈയ്ക്ക് 37 റണ്‍സിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുലര്‍ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ വിജയത്തിലെ പ്രധാനി. കേധാര്‍ ജാഥവ് ചെന്നൈയ്ക്കായി 58 റണ്‍സ് നേടി.
ആദ്യ ഓവറില്‍ തന്നെ അമ്പാട്ടി റായിഡുവിനെ നഷ്ടമായ ചെന്നൈയ്ക്ക് അടുത്ത ഓവറില്‍ വാട്സണെയും(5) നഷ്ടമായി. സുരേഷ് റെയ്നയെ(15) തകര്‍പ്പന്‍ ക്യാച്ചിലൂടെ കീറണ്‍ പൊള്ളാര്‍ഡ് പിടിച്ചപ്പോള്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനു തന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടാനായി. പിന്നീട് കേധാര്‍ ജാഥവും ഒപ്പം കൂട്ടായി എംഎസ് ധോണിയും ചേര്‍ന്നാണ് ചെന്നൈയെ മുന്നോട്ട് നയിച്ചത്. പത്തോവറില്‍ നിന്ന് 66 റണ്‍സാണ് ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഇതില്‍ തന്നെ പകുതിയിലേറെ സ്കോര്‍ നേടിയത് കേധാര്‍ ജാഥവും.
അടുത്ത നാലോവറില്‍ നിന്ന് 21 റണ്‍സ് മാത്രം ചെന്നൈ നേടിയപ്പോള്‍ മത്സരം ജയിക്കുവാന്‍ അവസാന ആറോവറില്‍ ടീമിനു 84 റണ്‍സ് വേണ്ട സ്ഥിതിയായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറില്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും പുറത്തായതോടെ ചെന്നൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലായി. ധോണി 21 പന്തില്‍ നിന്ന് വെറും 12 റണ്‍സാണ് ഇന്ന് നേടിയത്.
ലസിത് മലിംഗയാണ് കേധാര്‍ ജാഥവിന്റെ വിക്കറ്റ് വീഴ്ത്തിയത്. അതേ ഓവറില്‍ തന്നെ ഡ്വെയിന്‍ ബ്രാവോയെയും മലിംഗ പുറത്താക്കി. ക്വിന്റണ്‍ ഡി കോക്കിന്റെ അവിസ്മരണിയമായ ഒരു ക്യാച്ചാണ് ബ്രാവോയുടെ വിക്കറ്റ് മലിംഗയ്ക്ക് നേടിക്കൊടുത്തത്.
അവസാന ഓവറില്‍ ദീപക് ചഹാറിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ മൂന്നാം വിക്കറ്റ് നേടി. തുടര്‍ന്ന് ഓവറില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ഒരു സിക്സും ഫോറും നേടിയെങ്കിലും 20 ഓവറില്‍ നിന്ന് ചെന്നൈയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സേ നേടാനായുള്ളു.