കളിയഞ്ചിലും തോറ്റു മുംബൈ ഇന്ത്യൻസ്

shabeerahamed

Download the Fanport app now!
Appstore Badge
Google Play Badge 1

IPL ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങിയ നാൾ മുതൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ടീമാണ് മുംബൈ ഇന്ത്യൻസ്. ഏറ്റവും ഗ്ലാമറസ് ആയ ടീമായി ഇന്നും കണക്കാക്കപ്പെടുന്ന ടീം. തുടക്കത്തിൽ നയിക്കാൻ ക്രിക്കറ്റ് ദൈവം സച്ചിൻ, ടീമിന്റെ ഉടമസ്ഥനായി സാക്ഷാൽ അംബാനി, ടീമിനൊപ്പം എന്നും ഗ്രൗണ്ടിൽ ഉണ്ടാകുന്ന നിത, അത് കൊണ്ട് ഒക്കെ തന്നെ ഏറ്റവും കൂടുതൽ ബോളിവുഡ് താരങ്ങൾ പിന്തുണക്കുന്ന ടീം, ഇതൊന്നും പോരാഞ്ഞു ഇന്ത്യയിലെ എല്ലാ ദേശങ്ങളിലും നിന്നുള്ള ആരാധകരും. ടീമിന്റെ ഇമേജിനൊപ്പം നില്ക്കാൻ ഏറ്റവും കൂടുതൽ തവണ IPL ട്രോഫി ഉയർത്തിയെന്ന റെക്കോർഡും.

ഇതൊക്കെയാണെങ്കിലും, 2022 IPL തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും മുംബൈ ടീം ഇത് വരെ ഒരു കളിയും ജയിച്ചില്ല എന്നത് ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് വിദഗ്ധരെയും കുറച്ചൊന്നുമല്ല കുഴക്കുന്നത്. ഒന്നിനും ഒരു കുറവും വരുത്താത്ത ടീം ഉടമസ്ഥർ ഇത്തവണത്തെ IPL ലേലത്തിൽ വരുത്തിയ പിഴവുകളാണ് ഇതിനു കാരണം എന്നാണു ആരാധകരുടെ പക്ഷം.

പരിക്ക് മൂലം കളിക്കാൻ പറ്റാത്ത ജോഫ്ര ആർച്ചറെ മറക്കുന്നില്ല, എങ്കിലും ഒരു ശക്തമായ ടീമിനെ തിരഞ്ഞെടുക്കാൻ മാനേജമെന്റിനു കഴിഞ്ഞില്ല എന്ന് തന്നെ വേണം പറയാൻ. രോഹിത്, ബുംറഹ്, ജോഫ്ര, സൂര്യകുമാർ, പൊള്ളാർഡ്, ഇഷാൻ എന്നിവരെ കഴിഞ്ഞാൽ പിന്നീട് കളത്തിൽ പ്രതിഭ തെളിയിച്ചവർ ചുരുക്കം. അതിൽ തന്നെ പൊള്ളാർഡ് ഒക്കെ ഇനിയും ഈ ഫോർമാറ്റിൽ അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കും എന്ന പ്രതീക്ഷ വേണ്ട.

അഞ്ചാമത്തെ തോൽവിക്ക് ശേഷം പത്രക്കാരോട് സംസാരിക്കവെ കോച്ച് മഹേല പറഞ്ഞത്, ഇനിയുള്ള കളികളിൽ രോഹിത് ശർമ്മ ശക്തമായി തിരിച്ചു വരും എന്നാണു. അതായതു ടീം ഇപ്പോഴും ഹിറ്റ്മാൻ ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ചു ഇരിപ്പാണ്! 20 / 20 കളികൾ ഒരു കളിക്കാരനെ മാത്രം ആശ്രയിച്ചു ജയിക്കാൻ സാധിക്കില്ല എന്ന് ഇപ്പോഴും മുംബൈ മാനേജ്‌മന്റ് തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ. രോഹിത്തിൽ ഇത്ര വിശ്വാസം ഉണ്ടായിട്ടും, ബോളർമാരുടെ ചിലവിൽ ബാറ്റേഴ്സിനെ കുത്തി നിറച്ചാണ് പ്ലെയിങ് 11 തിരഞ്ഞെടുക്കുന്നത് എന്നത് ഒരു വിരോധാഭാസം തന്നെ! ടീം ഇന്ത്യയുടെ മെയിൻ ബോളറായ ബുംറ എന്ന ഒറ്റയാൾ പട്ടാളത്തിലാണ് ടീമിന്റെ ബോളിങ് പ്രതീക്ഷകളും. ബാക്കിയുള്ളവർ ഇവർക്കൊപ്പം ഒന്ന് നിന്ന് കൊടുത്താൽ മതി, കളി ജയിച്ചു പോരും എന്ന് എങ്ങനെ ചിന്തിക്കാൻ സാധിക്കുന്നു എന്നത് ക്രിക്കറ്റ് അഫിഷ്യൻഡോസിനെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്.

കഴിഞ്ഞ സീസണിലെ അപ്രതീക്ഷിത ജയം മാനേജ്മെന്റിനെ മടിയന്മാരാക്കി എന്ന് വേണം കരുതാൻ. അല്ലെങ്കിൽ സച്ചിൻ, സഹീർ എന്നീ മുൻകാല പ്രതിഭകൾക്ക് പുതുതായി ഒന്നും ശ്രമിക്കാൻ ഉള്ള താൽപ്പര്യ കുറവ്. എന്ത് തന്നെയായാലും, കളിക്കളത്തിൽ ഇനി ഒരു തിരിച്ചു വരവ് വേണമെങ്കിൽ മുംബൈ ഇന്ത്യൻസ് അടിമുടി മാറേണ്ടി ഇരിക്കുന്നു. ടീം ലൈൻ അപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ ഇനി പറ്റില്ലെങ്കിലും, അടവുകൾ മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള ധൈര്യം ടീം മാനേജ്‌മന്റ് കാണിക്കുമോ എന്ന് കാത്തിരുന്നു കാണാം.