ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ കൊല്‍ക്കത്ത ബാറ്റ്സ്മാന്മാര്ക്ക് കഴിയാതെ പോയപ്പോള്‍ ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയെന്ന് ദൗത്യം ഏറ്റെടുത്ത് നായകനും മുന്‍ നായകനും. ദിനേശ് കാര്‍ത്തിക്കും ഓയിന്‍ മോര്‍ഗനും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 58 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്ത് 163 റണ്‍സ് നേടുകയായിരുന്നു.
23 പന്തില്‍ 34 റണ്‍സ് നേടിയ ഓയിന്‍ മോര്ഗന് ഇന്നിംഗ്സിലെ അവസാന പന്തില്‍ വിക്കറ്റ് നല്കി മടങ്ങിയപ്പോള്‍ ദിനേശ് കാര്‍ത്തിക് 14 പന്തില്‍ നിന്ന് 29 റണ്‍സുമായി പുറത്താകാതെ നിന്നു. മോര്‍ഗന്റെ വിക്കറ്റ് ബേസില്‍ തമ്പിയ്ക്കാണ് ലഭിച്ചത്.
ഗില്ലിന്റെ വ്യക്തിപരമായ സ്കോര്‍ 1 റണ്‍സായിരുന്നപ്പോള്‍ താരത്തിനെ ബേസില്‍ തമ്പിയുടെ ഓവറില്‍ റഷീദ് ഖാന് കൈവിടുകയായിരുന്നു. അത് മുതലാക്കി റണ്‍സ് കണ്ടെത്തിയ ഗില്ലും ത്രിപാഠിയും ചേര്‍ന്ന് പവര്‍പ്ലേയില്‍ 48 റണ്‍സ് നേടി. എന്നാല്‍ പവര്‍പ്ലേയുടെ അവസാന പന്തില്‍ ത്രിപാഠിയെ നടരാജന് പുറത്താക്കി. 16 പന്തില്‍ 23 റണ്‍സാണ് ത്രിപാഠി നേടിയത്.
10 ഓവറില്‍ 77 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. റഷീദ് ഖാന് രംഗത്തെത്തിയപ്പോള്‍ നിതീഷ് റാണ താരത്തിനെതിരെ ആക്രമണം അഴിച്ച് വിട്ടാണ് വരവേറ്റത്. എന്നാല്‍ 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ വീഴ്ത്തി പുറത്താക്കി റഷീദ് ഖാന് സണ്‍റൈസേഴ്സിന് രണ്ടാം വിക്കറ്റ് നേടിക്കൊടുത്തപ്പോള്‍ ഗില്ലിന് പകരം ക്രീസിലെത്തിയത് ആന്‍ഡ്രേ റസ്സല്‍ ആയിരുന്നു.
തൊട്ടടുത്ത ഓവറില്‍ കൊല്‍ക്കത്തയ്ക്ക് നിതീഷ് റാണയെയും നഷ്ടമായി. 20 പന്തില്‍ 29 റണ്‍സാണ് താരം നേടിയത്. വിജയ് ശങ്കറിനായിരുന്നു വിക്കറ്റ്. 87/1 എന്ന നിലയില്‍ നിന്ന് 88/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുന്നതാണ് കണ്ടത്.
15ാം ഓവറിലെ അവസാന പന്തില്‍ റസ്സല്‍ പുറത്തായപ്പോള്‍ 105 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 9 റണ്‍സായിരുന്നു റസ്സലിന്െ സംഭാവന. നടരാജനാണ് റസ്സലിന്റെ വിക്കറ്റ്.